ഇലക്ട്രിക് ബസുകൾ നഷ്ടം: മന്ത്രി ഗണേശ്
തിരുവനന്തപുരം; ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും ഒരു ബസിന് 2,500 രൂപ മാത്രം ലാഭമുണ്ടായിരുന്ന സ്ഥാനത്ത് ഡീസൽ ബസിൽ 9,000 മുതൽ 15,000 രൂപവരെ ലാഭം ലഭിക്കുന്നുവെന്നും മന്ത്രി കെ.ബി. ഗണേശ് കുമാർ. മോട്ടോർവാഹനവകുപ്പിന്റെ 52 വാഹനങ്ങളുടെ ഫ്ളാഗ് ഓഫും ഫെഡറൽ ബാങ്ക് നൽകിയ 914 ഇ-പോസ് മെഷീനുകളുടെ വിതരണോദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. ഗതാഗത വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി പി.ബി.നൂഹ്,ഗതാഗത വകുപ്പ് അഡിഷണൽ സെക്രട്ടറി,എം.ഷീല, ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു ചകിലം,കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോദ് ശങ്കർ,സി.ബി.സി മഹീന്ദ്ര വൈസ് പ്രസിഡന്റ് വി.ഐ ഗോപകുമാർ,ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കവിതാ കെ.നായർ,ബിജു രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കനകക്കുന്നിൽ മുമ്പ് നടത്തിയ പരിപാടിക്ക് ആൾ കുറഞ്ഞതിന്റെ ക്ഷീണം മാറ്റാൻ ജോലി സമയത്ത് എം.വി.ഡി ഉദ്യോഗസ്ഥരെ കൂട്ടത്തോടെയെത്തിച്ച് ഫ്ളാഗ് ഓഫ് നടത്തിയതോടെ ഡ്രൈവിംഗ് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങളും മുടങ്ങി. പൊരിവെയിലത്ത് നടന്ന പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരിൽ ചിലർ തളർന്നുവീണു. എം.വി.ഡി ഉദ്യോഗസ്ഥർ കൂട്ടത്തോടെ പരിപാടിക്കായി പോയതോടെ ആർ.ടി ഓഫീസുകളിൽ ആളില്ലാതായി.