ഹൈക്കോടതിയുടെ രൂക്ഷ വിമർശനം 'താജ്മഹലും നിയമസഭയും വഖഫ് സ്വത്താക്കുമോ'
കൊച്ചി: ദാനാധാരം നടന്ന് 69 വർഷത്തിനു ശേഷം മുനമ്പം ഭൂമി വഖഫായി പ്രഖ്യാപിച്ച നടപടി ഇവിടത്തെ ജനങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കി ഭൂമി തട്ടിയെടുക്കാനുള്ള വഖഫ് ബോർഡിന്റെ ശ്രമമായിരുന്നെന്ന് വിമർശിച്ച് ഹൈക്കോടതി. ഇക്കണക്കിന് ഭാവിയിൽ ഏതെങ്കിലുമൊക്കെ രേഖകൾ വച്ച് താജ്മഹലോ ചെങ്കോട്ടയോ നിയമസഭാ മന്ദിരമോ ഹൈക്കോടതി പോലുമോ വഖഫ് സ്വത്തായി ചിത്രീകരിക്കാം. ഇത്തരം നടപടി ഇന്ത്യയിൽ അനുവദിക്കാനാകില്ല. ഭരണഘടനാപരമായി ഇടപെടും.
മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാർ നേരത്തെ നിയോഗിച്ച നിസാർ കമ്മിഷൻ അത് വഖഫ് സ്വത്താണോ അല്ലയോ എന്ന് പരിശോധിച്ചില്ലെന്നും കോടതി പറഞ്ഞു. ഭൂമിയുടേത് വഖഫ് ആധാരമാണെന്ന് 1999ൽ അന്നത്തെ വഖഫ് ബോർഡ് സി.ഇ.ഒ കമ്മിഷന് റിപ്പോർട്ട് നൽകി. അത് സമ്പൂർണമായും തെറ്റായിരുന്നു. ഇതനുസരിച്ച് ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കമ്മിഷൻ നിർദ്ദേശിച്ചത്.
വഖഫ് ഭൂമി ആണോ അല്ലയോ എന്നും, കമ്മിഷൻ നിയമപരമായാണോ പ്രവർത്തിച്ചത് എന്നും പരിശോധിക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്. വഖഫ് നിയമപ്രകാരം ട്രൈബ്യൂണലിനെ സമീപിക്കാമെന്നതിന്റെ പേരിൽ ഇത് ഇല്ലാതാകുന്നില്ലെന്നും വ്യക്തമാക്കി.
കണ്ണും കെട്ടിയിരിക്കണോ?
നാലു ചുമരുകൾക്കുള്ളിൽ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിനെ മാത്രം കേട്ടാണ് വഖഫ് ബോർഡ് ഏകപക്ഷീയ തീരുമാനം പ്രഖ്യാപിച്ചതെന്നും ഹൈക്കോടതി. നൂറുകണക്കിന് താമസക്കാരെ അവഗണിച്ചു. ഇതിൽ കോടതി കണ്ണും കെട്ടിയിരിക്കണമെന്നാണോ? ബിഗ് 'നോ' എന്നാണ് ഉത്തരം.
ഹിമാലയൻ മൗനം
1. ഭൂമി വഖഫായി പ്രഖ്യാപിക്കുന്നതിന് മുൻപ് സർവേ നടത്തണമെന്ന് നിയമത്തിൽ പറയുന്നുണ്ട്. മുനമ്പം ഭൂമിയുടെ കാര്യത്തിൽ അതുണ്ടായില്ലെന്ന് ഹൈക്കോടതി
2. മുനമ്പത്തിന്റെ കാര്യത്തിൽ വഖഫ് ബോർഡ് എന്തിനാണ് 69 വർഷത്തെ ഹിമാലയൻ മൗനം പാലിച്ചതെന്നതിന് യാതൊരു വിശദീകരണവുമില്ല. 2019വരെ മുനമ്പത്തെ ഭൂമി വഖഫാണെന്ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമില്ല