സ്വർണക്കൊള്ള: 17ന് എൻ.ഡി.എ സെക്രട്ടേറിയറ്റ് മാർച്ച്
Saturday 11 October 2025 2:27 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്‌ക്കെതിരെ സമരം ശക്തമാക്കാൻ എൻ.ഡി.എ. ഇന്നലെ ചേർന്ന എൻ.ഡി.എ യോഗത്തിലാണ് തീരുമാനം. 17ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. 21ന് സംസ്ഥാനത്ത് 30 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തും. അടുത്ത ഘട്ട പ്രതിഷേധം അടുത്ത നേതൃയോഗത്തിൽ തീരുമാനിക്കുമെന്ന് എൻ.ഡി.എ വൈസ് ചെയർമാൻ പി.കെ. കൃഷ്ണദാസ് അറിയിച്ചു.
ശബരിമലയിൽ മാത്രമല്ല ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും സമാന സംഭവങ്ങൾ നടക്കുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നു. സി.പി.എമ്മുകാരെയാണ് ദേവസ്വം ബോർഡിന്റെ സ്ഥാനങ്ങളിൽ തിരുകി കയറ്റുന്നത്. ഇതിൽ ഇവർക്കും പങ്കുണ്ട്. കഴിഞ്ഞ 25 വർഷത്തിനിടെ ശബരിമലയിലുണ്ടായ എല്ലാ അഴിമതികളിലും സമഗ്ര അന്വേഷണം വേണം. കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.