ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കുക:ജോയിന്റ് കൗൺസിൽ

Saturday 11 October 2025 2:29 AM IST

തിരുവനന്തപുരം:താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിപ്പരുക്കേൽപ്പിക്കാൻ കഴിഞ്ഞത് ആശുപത്രികളിലെ ഗുരുതരമായ സുരക്ഷാവീഴ്ചയെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവും ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാറും പറഞ്ഞു.ഓരോ ആശുപത്രികളിലും രോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കാൻ ജീവനക്കാർ പരമാവധി പരിശ്രമിക്കുന്നുണ്ട്.സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മതിയായ സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്.കൊട്ടാരക്കര ആശുപത്രിയിൽ ഡോ.വന്ദന ക്രൂരമായി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക നിയമനിർമ്മാണമുൾപ്പെടെ സർക്കാർ നടത്തിയതാണ്.കേന്ദ്ര വ്യവസായ സെക്യൂരിറ്റി ഫോഴ്‌സ് മാതൃകയിൽ പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനം സർക്കാർ ആശുപത്രികളിലേർപ്പെടുത്തണമെന്നും ജീവഭയമില്ലാതെ ജോലി ചെയ്യാനുള്ള അന്തരീക്ഷമൊരുക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.