ശബരിമലയിലെ കണക്കെടുപ്പ്; അമിക്കസ് ക്യൂറി കെടി ശങ്കരൻ പമ്പയിലെത്തി; സന്നിധാനത്തെ സ്‌ട്രോംഗ് റൂം പരിശോധിക്കും

Saturday 11 October 2025 6:57 AM IST

പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിലെത്തി. രാവിലെ മലകയറി 11 മണിയോടെ സന്നിധാനത്തെ സ്ട്രോംഗ് റൂമിൽ പരിശോധന നടത്തും. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ നാളെ പരിശോധിക്കും. തിങ്കളാഴ്ച ആറന്മുളയിലെത്തി ശബരിമലയിലെ പ്രധാന സ്ട്രോംഗ് റൂം പരിശോധിക്കും.

2019ൽ ദ്വാരപാലക ശില്പങ്ങളും ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റി 474.9 ഗ്രാം സ്വർണം അപഹരിച്ചുവെന്നാണ് കണ്ടെത്തൽ. രണ്ട് ഇടപാടുകളിലും കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി പ്രത്യേക സംഘത്തിന് (എസ്‌ഐടി) ഉത്തരവുനൽകിയിട്ടുണ്ട്.

മോഷണവും ക്രമക്കേടും വിശ്വാസ വഞ്ചനയും നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നിർദ്ദേശം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും വീഴ്ചയുണ്ടെന്ന് കോടതി പറഞ്ഞു. ഇതോടെ, ഉദ്യോഗസ്ഥർ അടക്കം അറസ്റ്റിലാവുമെന്ന് ഉറപ്പായി.

ഉണ്ണികൃഷ്ണൻ പാേറ്റി മൂന്ന് ഗ്രാം സ്വർണം മുടക്കി 474.9 ഗ്രാം സ്വർണം തട്ടിയെടുത്തെന്ന സൂചനയാണ് ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസറും എസ്‌പിയുമായ വി സുനിൽ‌കുമാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.