'രഹസ്യമായി' കലൂർ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുന്ന പ്രമുഖ ക്രിക്കറ്റ് താരം; മടങ്ങിയത് ഓട്ടോറിക്ഷയിൽ
കൊച്ചി: വാം അപ് ചെയ്യാൻ കലൂർ സ്റ്റേഡിയത്തിലെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇന്നലെയാണ് സഞ്ജു സ്റ്റേഡിയത്തിലെത്തി വാം അപ് ചെയ്‌തത്. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളെപ്പറ്റിയുള്ള ചർച്ചയ്‌ക്കായി കായിക മന്ത്രി വി അബ്‌ദുറഹിമാൻ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിലേക്ക് വരുന്നതിനിടെയാണ് സഞ്ജുവും എത്തിയത്. ഒരു മണിക്കൂറോളം വ്യായാമം ചെയ്‌ത ശേഷം സഞ്ജു ഓട്ടോറിക്ഷയിലാണ് മടങ്ങിയത്. ഇതിന്റെ വീഡിയോ ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഈ മാസം തുടങ്ങുന്ന രഞ്ജി ട്രോഫി ടൂർണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസണുമുണ്ട്. എലൈറ്റ് ബിയിൽ കളിക്കുന്ന കേരളത്തിലെ ആദ്യ മത്സരം 15ന് തിരുവനന്തപുരം സ്‌പോർട്‌സ് ഹബ് സ്റ്റേഡിയത്തിൽ മഹാരാഷ്‌ട്രയുമായാണ്. ഇന്ത്യൻ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി 20 ടീമിലും സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്. ഈ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് താരം.
നവംബർ 17ന് ലയണൽ മെസി അടങ്ങുന്ന അർജന്റീന ടീം വരുന്നതിന്റെ ഭാഗമായാണ് കലൂർ സ്റ്റേഡിയം മോടി പിടിപ്പിക്കുന്നത്. മെസി വരുന്നതിന് മുമ്പ് സ്റ്റേഡിയത്തിൽ 70 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് സ്‌പോൺസർമാർ അറിയിച്ചിരിക്കുന്നത്.