എങ്ങോട്ടാണ്‌ ഈ പോക്ക്? ഇന്ന് വീണ്ടും സ്വർണവില ഉയർന്നു; ദീപാവലിയോടെ സംഭവിക്കാൻ പോകുന്നത്

Saturday 11 October 2025 11:20 AM IST

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. 400 രൂപയാണ് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 91,120 രൂപയായി ഉയർന്നു. ഗ്രാമിന് 50 രൂപ കൂടിയതോടെ ഒരു ഗ്രാം സ്വർണത്തിന് 11, 390 രൂപയായി ഉയർന്നു. ജിഎസ്ടിയും പണിക്കൂലിയുമടക്കം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പവന് ഒരു ലക്ഷം രൂപയിലധികം നൽകേണ്ടിവരും. വിവാഹം അടുത്തിരിക്കുന്നവരെ സംബന്ധിച്ച സ്വർണ വില വർദ്ധനവ് കനത്ത പ്രഹരമാണ്.

ആഗോള വിപണിയുടെ ചുവടു പിടിച്ച് ഇന്നലെ കേരളത്തിൽ സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടമുണ്ടായിരുന്നു. ഇന്നലെ രാവിലെ പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയും ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയുമായിരുന്നു. കഴിഞ്ഞ എട്ട് ദിവസങ്ങൾക്കുശേഷമായിരുന്നു സ്വർണ വിലയിൽ ഇടിവ് സംഭവിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം 3,995 ഡോളറിലേക്ക് തിരിച്ചുകയറി. കേരളത്തിൽ ഉച്ച കഴിഞ്ഞ് പവന് 1,040 രൂപ ഉയർന്നിരുന്നു.

അമേരിക്കൻ സർക്കാർ ഷട്ട്ഡൗണിൽ തുടരുന്നതും ഫ്രാൻസിലെയും ജപ്പാനിലെയും രാഷ്ട്രീയ പ്രതിസന്ധികളും കണക്കിലെടുത്താണ് നിക്ഷേപകർ സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണമൊഴുക്കുന്നത്. നടപ്പുവർഷം ഇതുവരെ സ്വർണ വിലയിൽ 53 ശതമാനം വർദ്ധനവാണുണ്ടായത്. ദീപാവലിക്ക് സ്വർണവില ഒരു ലക്ഷം കടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.