മെഹ്ഫിൽ തന്ന സന്തോഷം
നീണ്ട ഇടവേള കഴിഞ്ഞ് ദീപാങ്കുരന്റെ മാന്ത്രിക സംഗീതം . ജയരാജ് സംവിധാനം ചെയ്ത 'മെഹ്ഫിൽ" സിനിമയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് ദീപാങ്കുരൻ സംഗീതം പകർന്ന എട്ട് മനോഹര ഗാനങ്ങൾ ശ്രോതാക്കളുടെ ചുണ്ടിൽ നിന്ന് ഇറങ്ങി പോവാതെ നിൽക്കുന്നു.സിനിമാ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ട ആളായ കോഴിക്കോട് മുല്ലശേരി വീട്ടിലെ രാജഗോപാലിന്റെ മെഹ്ഫിൽ രാവിനെ ആസ്പദമാക്കിയാണ് ജയരാജ് 'മെഹ്ഫിൽ" ഒരുക്കിയത്. വർഷങ്ങൾക്ക് ശേഷം അച്ഛന്റെ പാട്ടിന് ഈണം നൽകാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ദീപാങ്കുരൻ.
സിനിമയിൽ വീണ്ടും ഒരുപാട് നാളുകൾക്കുശേഷം സിനിമ ചെയ്യുന്നു.അത് അച്ഛനൊപ്പം ആണെന്ന പ്രത്യേകതയുമുണ്ട്. അച്ഛനൊപ്പം സിനിമയിൽ വീണ്ടും ഒരുമിച്ചത് നല്ല അനുഭവമായിരുന്നു. പാട്ടെഴുതുന്നത് അച്ഛനാണെന്ന് അറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായി. അച്ഛന്റെ കൂടെ ജോലി ചെയ്യുന്നത് വളരെ എളുപ്പമാണ്. പാട്ട് എഴുതി അതിന് ട്യൂൺ ചെയ്യാനും ട്യൂണിനനുസരിച്ച് പാട്ടുണ്ടാക്കാനും അച്ഛന് എളുപ്പം സാധിക്കും . മെഹ്ഫില്ലിലെ എട്ടു പാട്ടുകളിൽ ഒരെണ്ണം മാത്രമാണ് എഴുതി ട്യൂൺ ചെയ്തത്. ബാക്കി ട്യൂണിനനുസരിച്ചാണ്. ഗസലുകൾ കേട്ടും ആസ്വദിച്ചും വളർന്നതിനാൽ എനിക്ക് 'മെഹ്ഫിൽ" അനായാസമായിരുന്നു. അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട ആളും സംവിധായകനുമാണ് ജയരാജ്. അതുകൊണ്ട് തന്നെ അച്ഛൻ കൂടുതൽ ശ്രദ്ധാലുവാകും. പാട്ടുകൾ ഒരുമിച്ചിരുന്ന് ചെയ്യാനാണ് അച്ഛന് താത്പര്യം.
ട്രാക്ക് പാടി ട്യൂൺ മെഹ്ഫിൽ രാവ് ദൃശ്യവത്കരിക്കുന്ന സിനിമയായതിനാൽ പാട്ടുകൾ ജീവനുള്ളതായിരിക്കണമല്ലോ.. അതുകൊണ്ട് അത്തരത്തിലാണ് പാട്ടുകൾ ചെയ്തത്. സിനിമ മുഴുവൻ മെഹ്ഫിൽ സദസാണ് . സാധാരണ മെഹ്ഫില്ലിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളായ ഹാർമോണിയം, തബല, ഗിറ്റാർ എന്നിവ മാത്രം ഉപയോഗിച്ചാണ് മുഴുവൻ പാട്ടുകളും ചെയ്തത്. അത് പുതിയ അനുഭവമായിരുന്നു. ജയരാജ് ഇതേക്കുറിച്ച് നേരത്തേ നിർദ്ദേശം നൽകി. ഒരു ദിവസം കൊണ്ടാണ് ഏഴ് പാട്ടും റെക്കോർഡ് ചെയ്തത്. രാവിലെ ഇരിക്കും. ഞാൻ തന്നെ ട്രാക്ക് പാടി ട്യൂൺ ചെയ്യും. അത് പ്രത്യേക അനുഭവമായിരുന്നു. ഭാര്യ ദേവി ശരണ്യ പാട്ട് പാടിയത് ഇരട്ടി സന്തോഷം തരുന്നു. ആദ്യമായാണ് സിനിമയിൽ പാടുന്നത്. പരസ്യ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
മറക്കാതെ ദേശാടനം ആദ്യ സിനിമയായി മനസിൽ മറക്കാതെ കിടക്കുകയാണ് ദേശാടനം . ആ സിനിമയിൽ പാട്ട് പാടി തുടക്കം. നിരവധി പാട്ടുകൾ പിന്നീട് പാടിയെങ്കിലും സംഗീത സംവിധാനം ആയിരുന്നു താൽപര്യം. പിന്നീട് പഠനത്തിന് യു.കെയിൽ പോയി. തിരിച്ചെത്തി അച്ഛന്റെ കൂടെയും മറ്റ് നിരവധി സംഗീത സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. അച്ഛന്റെ കൂടെയുള്ള പഠനകാലമാണ് സംഗീതത്തിനെക്കുറിച്ച് തെളിഞ്ഞ കാഴ്ച മനസിൽ വരച്ചിട്ടത്. അച്ഛനും ഞാനും ഇപ്പോഴും ഭക്തിഗാനങ്ങൾ ചെയ്യുന്നുണ്ട്.തട്ടും പുറത്ത് അച്യുതനു ശേഷം ശേഷം ചെറിയ സിനിമകൾക്ക് സംഗീതം ചെയ്തു. കൂടുതലും പരസ്യം, ജിംഗിൾസ് എന്നിവയിലാണ് ശ്രദ്ധിക്കുന്നത്. പല ഭാഷകളിലായി 300ലധികം പരസ്യ ചിത്രങ്ങൾ ചെയ്തു. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതാണ് സന്തോഷം. സംഗീതം മാത്രമാണ് എനിക്ക് അറിയുന്നത്. അതിൽ വ്യത്യസ്തത കണ്ടെത്താൻ എന്നും ശ്രമിക്കും. അല്ലാതെ സിനിമ തന്നെ വേണമെന്ന വാശിയില്ല. കാക്കനാട് ആണ് താമസം. മകൻ ദേവാംഗിന് പത്തു വയസ്.