'കേരളത്തിൽ നടക്കുന്നത് ഉരുക്കിയതും ചുരണ്ടിയതും തേടിയുള്ള അന്വേഷണം, അടിച്ചുമാറ്റൽ യഥേഷ്‌ടം നടക്കുന്നുണ്ട്'

Saturday 11 October 2025 12:46 PM IST

പാലക്കാട്: സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉരുക്കിയതും ചുരണ്ടിയതും തേടിയുള്ള അന്വേഷണമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാ‌ർ ജനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, ഒരുവശത്തുകൂടി അടിച്ചുമാറ്റൽ യഥേഷ്‌ടം നടക്കുന്നുണ്ടെന്നും പാലക്കാട് നഗരസഭയിലെ ആറ് പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ച ശേഷം സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം. 2026ൽ ബിജെപിയുടെ 21 എംഎൽഎമാരെയെങ്കിലും ജയിപ്പിച്ചാൽ ഈ ദുരവസ്ഥ ഇനിയുണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഉദ്‌ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷ കൗൺസിലർമാരുടെ നടപടിയെയും മന്ത്രി വിമർശിച്ചു. 2019 മുതൽ എംപിയായ താൻ തൃശൂർ ശക്തൻ മാർക്കറ്റും റൗണ്ടും നവീകരിക്കാൻ നടത്തിയ ശ്രമങ്ങളെയെല്ലാം സർക്കാർ തടസപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നഗരസഭയിൽ മികച്ച പ്രവർത്തനം കാഴ്‌ചവച്ച നാല് കുടുംബശ്രീ യൂണിറ്റുകൾക്ക് മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് 25,000 രൂപ വീതം നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. മലമ്പുഴ ഉദ്യാനത്തെ ദുരവസ്ഥയിൽ നിന്ന് കരകയറ്റാൻ 75.87 കോടി രൂപ നവീകരണത്തിനായി കേന്ദ്രസർക്കാർ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

കനറാ ബാങ്ക് കോംപ്ലക്‌സ്, വിവിധോദ്ദേശ്യ ഓർഗാനിക് മാർക്കറ്റ്, ഒലവക്കോട് കംഫർട്ട് സ്റ്റേഷൻ, ടൗൺഹാൾ അനക്‌‌സിൽ ഹാൾ, ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം എന്നിവയുടെ ഉദ്‌ഘാടനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചത്.