ജയ് ശ്രീ റാം വിളിക്കാമോയെന്ന് ഉത്തരേന്ത്യൻ യൂട്യൂബർ: മലയാളി പെൺകുട്ടിയുടെ മറുപടി ഇങ്ങനെ, വൈറൽ വീഡിയോ
പല വിഷയങ്ങളിലും ആളുകളുടെ പ്രതികരണം തേടി അത് വീഡിയോയായി പങ്കുവയ്ക്കുന്ന യൂട്യൂബർമാർ നിരവധിയുണ്ട്. ഒട്ടേറെ കാഴ്ചക്കാരാണ് ഇത്തരം വീഡിയോകൾക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഒരു മലയാളി പെൺകുട്ടിയോട് 'ജയ് ശ്രീ റാം' വിളിക്കാമോ എന്ന് ഒരു ഉത്തരേന്ത്യൻ യൂട്യൂബർ ചോദിക്കുന്നു. എന്നാൽ പറ്റില്ലെന്ന് മലയാളി പെൺകുട്ടി യൂട്യൂബറോട് തറപ്പിച്ച് പറയുന്നതാണ് വീഡിയോയിലുള്ളത്.
തിരക്കുള്ള നഗരത്തിലൂടെ പോകുന്നവരോട് ദീപാവലിയുടെ ഐതീഹ്യം എന്താണെന്ന് അറിയാമോ എന്നാണ് ഉത്തരേന്ത്യൻ യൂട്യൂബർ ചോദിക്കുന്നത്. മലയാളി പെൺകുട്ടിയോടും ഇയാൾ ഇതേ ചോദ്യമാണ് ചോദിച്ചത്. എന്നാൽ അറിയില്ലെന്ന് മറുപടി പറഞ്ഞ പെൺകുട്ടിയോട് ഇയാൾ എവിടെ നിന്നാണ് വരുന്നതെന്ന് ചോദിക്കുന്നു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോഴാണ് ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ടത്. തനിക്ക് വിളിക്കാൻ താൽപര്യമില്ലെന്നും പറഞ്ഞ് പെൺകുട്ടി പോകുകയാണ് ചെയ്യുന്നത്.
ഹിന്ദുത്വ വിജിലന്റ് എന്ന പേജാണ് വീഡിയോ പങ്കുവച്ചത്. കേരളത്തിൽ നിന്നുള്ള പെൺകുട്ടി ജയ് ശ്രീ റാം വിളിക്കാൻ താൽപര്യപ്പെടുന്നില്ല, എന്താണ് കാരണമെന്നാണ്' ക്യാപ്ഷനിൽ ചോദിക്കുന്നത്. എന്നാൽ സ്വന്തം മതവും വിശ്വാസവും ഓരോരുത്തരുടെയും ചോയിസാണ്, അത് ആരെങ്കിലും ചോദിച്ചാൽ പറയേണ്ടതല്ലെന്നും അവൾക്ക് നട്ടെല്ലുള്ളത് കൊണ്ട് വിളിച്ചില്ല' എന്ന് ചിലർ കമന്റിൽ കുറിച്ചു.