രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് മുഖ്യമന്ത്രി; ആണി അടിച്ചു തറയ്ക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

Saturday 11 October 2025 4:35 PM IST

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ കുറിപ്പുമായി കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യർ. പേരാമ്പ്രയിൽ യു.ഡി.എഫ് - എൽ.ഡി.എഫ് പ്രകടനത്തെത്തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എം.പിയുടെ മൂക്കിന് ഗുരുതര പരിക്കേറ്റതിലാണ് പ്രതികരണം. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് മുഖ്യമന്ത്രിയെന്നും തങ്ങൾ ആണി അടിച്ചു തറയ്ക്കുമെന്നാണ് അലോഷ്യസ് ഫേസ്‌ബുക്കിൽ കുറിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രതിഷേധങ്ങളെയും സമരങ്ങളെയും, കാക്കിയിട്ട ക്രിമിനൽ സംഘത്തെ ഉപയോഗിച്ചുകൊണ്ട് അടിച്ചൊതുക്കിയും, കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ചോര വീഴ്ത്തുന്ന പിണറായി,

രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് താൻ....!

തന്നെ ഞങ്ങൾ ആണി അടിച്ചു തറയ്ക്കും....!

~അലോഷ്യസ് സേവ്യർ

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

ലാത്തിച്ചാർജിൽ ഷാഫിയുടെ മൂക്കിലെ രണ്ട് എല്ലുകൾ തകർന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവരടക്കം 10 യു.ഡി.എഫ് പ്രവർത്തകർക്കും പരിക്കേറ്റു.

പേരാമ്പ്ര സി.കെ.ജി കോളേജിൽ ചെയർമാൻ സ്ഥാനം വിജയിച്ചതിലുള്ള യു.ഡി.എസ്.എഫിന്റെ ആഹ്ളാദ പ്രകടനവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ആഹ്ളാദ പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടർന്ന് സംഘർഷമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്നലെ നടത്തിയ ഹർത്താലിനിടെ എൽ.ഡി.എഫ് ഭരിക്കുന്ന പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് അടപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു.

ഇതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്‌തുവെന്നാരോപിച്ച് എൽ.ഡി.എഫും പ്രകടനവുമായെത്തി. ഇരുകൂട്ടരും പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് മുഖാമുഖം എത്തിയതോടെ പൊലീസ് ഇടപെട്ടു. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് യു.ഡി.എഫ് പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.