ജൗഹറും അദബിയയും അതിവേഗ താരങ്ങൾ
കൊച്ചി: ജില്ലാ സ്കൂൾ കായികമേളയിൽ കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിലെ മുഹമ്മദ് അലി ജൗഹറും കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിലെ അദബിയ ഫർഹാനും വേഗതാരങ്ങൾ. 11.02 സെക്കൻഡിൽ ലക്ഷ്യംതൊട്ട് സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ജൗഹർ പൊന്നണിഞ്ഞു. ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്റർ 12.5 സെക്കൻഡിൽ ഫിനീഷ് ചെയ്താണ് അദബിയ വേഗറാണിയായത്.
സീനിയർ ആൺകുട്ടികളിൽ വീട്ടൂർ എബനെസർ എച്ച്.എസിന്റെ ബിബിൻ ബാബു (11.4), ആലുവ ഗവ. ബോയ്‌സ് എച്ച്.എസ്.എസിലെ കെ.എ. മുഹമ്മദ് ജാഫർ (11.8) എന്നിവർക്കാണ് വെള്ളിയും വെങ്കലവും. സീനിയർ പെൺകുട്ടികളിൽ എറണാകുളം സെന്റ് തേരാസസ് സി.ജി.എച്ച്.എസ്.എസിന്റെ ടി.വി അപർണയ്ക്കാണ് സ്വർണം. ജൂനിയർ വിഭാഗത്തിലെ അദബിയയെക്കാളും നാല് സെക്കൻഡ് പിന്നാക്കംപോയത് വേഗറാണിപ്പട്ടത്തിന് തിരിച്ചടിയായി. കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിന്റെ എമി തെരേസ (13.4), വെണ്ണല ഗവ. എച്ച്.എസ്.എസിലെ ശ്രീലക്ഷ്മി (14.3) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ.
സബ് ജൂനിയർ പെൺകുട്ടികളിൽ വെസ്റ്റ് വെങ്ങോല ശാലേം എച്ച്.എസിലെ യു. വൈഗയും (13.80) ആൺകുട്ടികളിൽ മൂക്കന്നൂർ സേക്രട്ട് ഹാർട്ട് ഓർഫനേജ് എച്ച്.എസിലെ എഡിസൺ മനോജും (12.1) സ്വർണം നേടി. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ മൂക്കന്നൂർ ഗവ. എച്ച്.എസ്.എസിന്റെ അലൻ ബൈജുവിനാണ് സ്വർണം. 11.3 സെക്കൻഡിൽ ലക്ഷ്യം തൊട്ടു.