'മകനെയും മകളെയും ചോദ്യം ചെയ്താൽ മണി മണി പോലെ എല്ലാം പുറത്തുവരും, അത് അച്ഛന് നല്ലതു പോലെ അറിയാം '

Saturday 11 October 2025 8:03 PM IST

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് 2023ൽ ഇ.ഡി സമൻസ് അയച്ചെന്ന വാർത്തയിൽ പ്രതികരിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മകനെയും മകളെയും ഇ.ഡി നല്ലതുപോലെ ഒന്നു ചോദ്യം ചെയ്താൽ മണിമണി പോലെ എല്ലാം പുറത്തുവരുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം. അത് നല്ലപോലെ അറിയാവുന്നത് കൊണ്ടാണ് രണ്ട് പേരെയും വിട്ടുകൊടുക്കാത്തതെന്നും അത് നടപ്പിലാകണമെങ്കിൽ അച്ഛന്റെ സിംഹാസനം തെറിക്കണമെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

2018ൽ ഞാനും എന്റെ പഴയ ബോസ്ആയ യു.എ.ഇ കോൺസൽ ജനറലുമായി ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്റെ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടിക്കാഴ്ച. അവിടെവച്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കോൺസൽ ജനറലിന് പരിചയപ്പെടുത്തി. മകൻ യു.എ.ഇയിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയ്യുന്നത് എന്നും അവന് യു.എ.ഇ യിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിയ്ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കോൺസൽ ജനറലിനോട് ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു. ഒരു ബാങ്ക് ഉദ്യോഗസ്ഥനായ മകന് യു.എ,​ഇ യിൽ സ്റ്റാർ ഹോട്ടൽ വാങ്ങിയ്ക്കാൻ പറ്റുമോയെന്നും സ്വപ്ന ചോദിച്ചു. അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കിൽ അതിന് പറ്റുമെന്നും സ്വപ്ന ഉത്തരമായി കുറിച്ചു.

വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരുമെന്നും നമുക്ക് കാത്തിരിക്കാമെന്നും പറയുന്ന സ്വപ്ന സ്വാമിയേ ശരണം അയ്യപ്പാ എന്ന് കുറിപ്പോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.