ട്രെയിനിൽ നിന്നിറങ്ങി സ്റ്റേഷന് മുന്നിൽ പൊതിവച്ചു; കേരള പൊലീസിന് സമ്മാനവുമായി അജ്ഞാത യുവതി

Saturday 11 October 2025 9:03 PM IST

കണ്ണൂർ: റെയിൽവേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് അജ്ഞാത യുവതിയുടെ സമ്മാനം. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അന്ത്യോദയ എക്‌സ്‌പ്രസ് അരമണിക്കൂർ നേരത്തെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തുന്നത്.

ട്രെയിനിന്റെ കോച്ചിൽ നിന്നും ഒരു യുവതി ഇറങ്ങി റെയിൽവേ പൊലീസ് സ്റ്റേഷന്റെ പുറത്ത് കാണുന്ന ബെഞ്ചിൽ ഒരു പൊതി വച്ചിട്ട് പെട്ടെന്ന് തന്നെ ആ ട്രെയിനിലേക്ക് തിരിച്ചുകയറി പോകുകയായിരുന്നു. ആരും കാണാതെ ഒരു പോസ്റ്റിന്റെ പിറകിലൂടെ നടന്നുവന്ന് ശ്രദ്ധിക്കാത്ത രീതിയിൽ വളരെ രഹസ്യമായിട്ടാണ് പൊതി കൊണ്ടുവച്ചത്. അസ്വാഭാവികമായി കണ്ട പൊതി പരിശോധിച്ചപ്പോഴാണ് അത് കത്തും ചോക്ലേറ്റുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

'പ്രിയപ്പെട്ട കേരള പൊലീസ്, നിങ്ങളുടെ രാത്രികാല പട്രോളിംഗ് എനിക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നു. നന്ദി' എന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ പൊതി വച്ച യുവതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തങ്ങൾക്ക് ലഭിച്ച ഈ നന്ദിസൂചകമായ കുറിപ്പ് പൊലീസ് പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇത്തരം സമ്മാനങ്ങൾ വലിയ സന്തോഷം നൽകുന്നുവെന്നും പൊലീസ് അറിയിച്ചു.

'കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ട്രെയിനുകളിൽ കേരള പൊലീസിന്റെ പെട്രോളിംഗ് ഉണ്ട്. രാത്രികാലങ്ങളിൽ പ്രത്യേകിച്ചും. ട്രെയിനിൽ കുട്ടികളുടെയും സ്ത്രീകളുടെയും യാത്ര സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അത് നടത്തുന്നത്. കഴിഞ്ഞ ദിവും അതുണ്ടായി. അതിനായാണ് യുവതിയുടെ ഈ സ്‌നേഹസമ്മാനം. കണ്ണൂർ പൊലീസിനെന്നല്ല, മറിച്ച കേരള പൊലീസിന് ഒട്ടാകെയുള്ള അഭിനന്ദനമാണിത്'- പൊലീസ് ഉദ്യോഗസ്ഥൻ മാദ്ധ്യമത്തോട് വ്യക്തമാക്കി.