10,000 കുടുംബശ്രീ അംഗങ്ങൾക്ക് ജോലി നൽകാൻ റിലയൻസ്
തിരുവനന്തപുരം: കുടുംബശ്രീയും റിലയൻസ് ജിയോയുമായി സഹകരിച്ച് വിജ്ഞാന കേരളം കുടുംബശ്രീ തൊഴിൽ ക്യാമ്പയിനിലൂടെ പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈദഗ്ദ്ധ്യ തൊഴിലുകൾ, ഡിജിറ്റൽ ഉത്പന്നങ്ങളുടെ വിപണനം, വർക്ക് ഫ്രം ഹോമായി കസ്റ്റമർ കെയർ ടെലികോളിംഗ് തുടങ്ങിയ മേഖലകളിൽ അവസരം ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റിലയൻസ് പരിശീലനം നൽകും. ആകർഷകമായ വേതനവും ലഭ്യമാക്കും. ഇതിനായി കുടുംബശ്രീയും റിലയൻസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്മെന്റ് സർവീസസും ധാരണാ പത്രത്തിൽ ഒപ്പുവച്ചു.തൊഴിലവസരങ്ങളുടെ എണ്ണത്തിനനുസൃതമായി കുടുംബശ്രീ വനിതകളുടെ പട്ടിക സി.ഡി.എസുകളിലൂടെ റിലയൻസിന് ലഭ്യമാക്കും. ഫ്രീലാൻസ് മാതൃകയിൽ ചെയ്യുന്ന ജോലിക്കനുസരിച്ചാണ് വേതനം. ജിയോയിൽ ഈ രംഗത്ത് തൊഴിൽ ചെയ്യുന്നവർക്ക് പ്രതിമാസം 15,000 രൂപയുടെ വരുമാനമുണ്ട്. എൽ.ഐ.സി ബീമാ സഖി പദ്ധതി പ്രകാരം 1070 തൊഴിലവസരങ്ങളുണ്ട്. 872 പേരെ കണ്ടെത്തി. ബാങ്കിംഗ് സേവനങ്ങൾ വീടുകളെത്തിക്കുന്ന ബിസിനസ് കറസ്‌പോഡന്റ് സഖി പദ്ധതിയിലൂടെ കനറാ ബാങ്ക് 350 പേരെ നിയമിക്കും. കേരള ഗ്രാമീൺ ബാങ്ക് (332), ഇന്ത്യൻ ഓവർസീസ് ബാങ്ക് (305), ഇന്ത്യൻ ബാങ്ക് (15),ബാങ്ക് ഒഫ് ബറോഡ (22) എന്നിവർ ചേർന്ന് 674 പേരെ നിയമിക്കും. കേരള ബാങ്കും ഫെഡറൽ ബാങ്കുമായും ചർച്ച നടക്കുന്നു. ഇതിലൂടെ 2025തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
വിജ്ഞാന കേരളം അഡ്വൈസർ ഡോ ടി.എം.തോമസ് ഐസക്, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.