വിപണിയിൽ താരമായി ഗോൾഡ് ഇ.ടി.എഫുകൾ

Sunday 12 October 2025 12:42 AM IST

സെപ്തംബറിലെ നിക്ഷേപം 8,363 കോടി രൂപ കവിഞ്ഞു

കൊച്ചി: വില തുടർച്ചയായി റെക്കാഡുകൾ പുതുക്കി കുതിച്ചതോടെ ഗോൾഡ്, സിൽവർ എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ(ഇ.ടി.എഫ്) ചെറുകിട നിക്ഷേപകർക്ക് പ്രിയമേറുന്നു. സെപ്തംബറിൽ ഗോൾഡ് ഇ.ടി.എഫുകളിലെ നിക്ഷേപം നാലിരട്ടി വർദ്ധിച്ച് 8,363 കോടി രൂപയിലെത്തി. ചരിത്രത്തിലാദ്യമായാണ് ഇ.ടി.എഫുകളിലെ പ്രതിമാസ നിക്ഷേപം ഇത്രയേറെ ഉയരുന്നത്. സുരക്ഷിതത്വവും നിക്ഷേപ വൈവിദ്ധ്യവൽക്കരണവും കണക്കിലെടുത്താണ് ചെറുകിട നിക്ഷേപകർ സ്വർണത്തിലേക്ക് പണമൊഴുക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. ആഗസ്റ്റിൽ ഗോൾഡ് ഇ.ടി.എഫുകളിൽ 2,189 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ലഭിച്ചിരുന്നത്. അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷം സെപ്തംബറിലെ 1,232 കോടി രൂപയിൽ നിന്ന് 578 ശതമാനം വളർച്ചയാണ് ഗോൾഡ് ഇ.ടി.എഫുകളിലുണ്ടായത്.

സിൽവർ ഇ.ടിഎഫുകളിൽ കഴിഞ്ഞ മാസം 8,150 കോടി രൂപയാണ് ലഭിച്ചത്. ആഗസ്റ്റിലെ നിക്ഷേപം 7,244 കോടി രൂപയായിരുന്നു. നടപ്പുവർഷം ഇതുവരെ സിൽവർ ഇ.ടി.എഫുകൾ 65 ശതമാനം വരുമാനമാണ് നിക്ഷേപകർക്ക് നൽകിയത്. ഗോൾഡ് ഇ.ടി.എഫുകളിൽ നിന്ന് ലഭിച്ച വരുമാനം 54 ശതമാനമാണ്.

ഗോൾഡ് ഇ.ടി.എഫുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി

90,135 കോടി രൂപ

സ്വർണം, വെള്ളി റെക്കാഡ് കുതിപ്പ് തുടരുന്നു

നേരിയ ഇടവേളയ്ക്ക് ശേഷം സ്വർണം, വെള്ളി വില വീണ്ടും റെക്കാഡ് പുതുക്കി കുതിക്കുന്നു. ചൈനയ്ക്കെതിരെ ഡൊണാൾഡ് ട്രംപ് 100 ശതമാനം തീരുവ പ്രഖ്യാപിച്ചതും അമേരിക്കയിലെ ഷട്ട്‌ഡൗൺ അനിശ്ചിതത്വങ്ങളും സൃഷ്‌ടിച്ച ആശങ്കയിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,016 ഡോളറിലെത്തി. കേരളത്തിൽ പവൻ വില ഇന്നലെ 400 രൂപ ഉയർന്ന് 91,120 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 50 രൂപ ഉയർന്ന് 11,390 രൂപയായി. വെള്ളി വില ഗ്രാമിന് എട്ടു രൂപ വർദ്ധിച്ച് 175 രൂപയിലെത്തി.

കരുത്താകുന്നത്

1. അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധത്തിലെ ആശങ്ക

2. അമേരിക്കൻ സർക്കാരിന്റെ ഷട്ട്‌ഡൗൺ അനിശ്ചിതമായി നീളുന്നത്

3. അമേരിക്കയിലും യൂറോപ്പിലും സാമ്പത്തിക മാന്ദ്യ ഭീഷണി ശക്തം

4. ഡോളറിനെ കൈവിട്ട് കേന്ദ്ര ബാങ്കുകളും ഫണ്ടുകളും സ്വർണം വാങ്ങുന്നു