വെട്ടേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ ആശുപത്രി വിട്ടു

Sunday 12 October 2025 12:00 AM IST

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഡോ.വിപിൻ ആശുപത്രി വിട്ടു. ഇന്നലെ രാവിലെയാണ് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതോടെ ഡിസ്ചാർജ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവായ കോരങ്ങാട് ആനപ്പാറപ്പൊയിൽ സനൂപ് ഡോ.വിപിന്റെ തലയ്ക്ക് കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. ബുധനാഴ്ച രാത്രി ശസ്ത്രക്രിയ നടത്തിയിരുന്നു.

ഡോക്ടർക്കു നേരെ നടന്ന വധശ്രമത്തെ തുടർന്ന് കെ.ജി.എം.ഒ.എ നടത്തിയിരുന്ന സമരം താത്ക്കാലികമായി നിറുത്തിവെച്ചു. കെ.ജി.എം.ഒ.എയും ജില്ലാ കളക്ടറും ഡി.എം.ഒ യുമായി നടത്തിയ നടന്ന ചർച്ചയിൽ സംഘടനയുടെ നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കാമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശം നടപ്പാക്കുന്നതിന് സർക്കാർ നൽകിയിരുന്ന ഉറപ്പുകൾ പാലിക്കാൻ വേണ്ട സമരത്തിന്റെ തുടക്കം മാത്രമാണിതെന്നും ഡ്യൂട്ടിയ്ക്കിടെ വധശ്രമത്തിനിരയായ ഡോ.വിപിനിന്റെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. പ്രതിയായ സനൂപിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കസ്റ്റഡി അപേക്ഷ ഇന്ന് നൽകിയേക്കും.