ദേശീയപാത 66 അന്തിമ ലാപ്പിൽ: ഊർജ്ജം തുറമുഖങ്ങൾക്കും വ്യവസായങ്ങൾക്കും

Sunday 12 October 2025 12:02 AM IST

കൊച്ചി: കേരളത്തിന്റെ വടക്കേയറ്റത്തെയും തെക്കേയറ്റത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാത 66 അടിസ്ഥാനസൗകര്യ വികസനത്തിന് പുറമെ വാണിജ്യം, വ്യവസായം, ടൂറിസം മേഖലകളിലും കുതിപ്പിന് വഴിതെളിക്കും. വിഴിഞ്ഞം ഉൾപ്പെടെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത ഷിപ്പിംഗ്, ചരക്കുനീക്കം എന്നിവയിലും നേട്ടമാകുമെന്നാണ് പ്രതീക്ഷ

മഹാരാഷ്ട്രയിലെ പൻവേലിൽ ആരംഭിച്ച് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്നതാണ് 1,640കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത 66. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടു വരെ കേരളത്തിൽ 678കിലോമീറ്റർ പാതയിൽ 450കിലോമീറ്ററാണ് പൂർത്തിയായത്. 2026 ജൂണിൽ പൂർണമാക്കുകയാണ് ലക്ഷ്യം. പൂർത്തിയായ റീച്ചുകൾ ജനുവരിയിൽ ഉദ്ഘാടനം ചെയ്യും..

വിഴിഞ്ഞത്തിനും

കൊച്ചിക്കും നേട്ടം

മേജർ തുറമുഖങ്ങളായ വിഴിഞ്ഞം, കൊച്ചി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലുകൾ, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവ ദേശീയപാത 66മായി ബന്ധപ്പെടുന്നു. കൊല്ലം, കോഴിക്കോട്, കണ്ണൂർ ചെറുകിട തുറമുഖങ്ങളും പാതയുടെ സമീപത്താണ്. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളിൽ കൂറ്റൻ കപ്പലുകളിലെത്തുന്ന കണ്ടെയ്‌നറുകൾ അതിവേഗം ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാം. ചെറുകിട തുറമുഖങ്ങൾ വഴിയുള്ള ചരക്കു നീക്കത്തിനും കുതിപ്പാകും.

വ്യവസായ ഇടനാഴിക്ക്

കരുത്ത്

കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുമായി ബന്ധിക്കുന്നതാണ് ദേശീയപാത 66. കൊച്ചി ഇടപ്പള്ളിമുതൽ വാളയാർ വരെ എൻ.എച്ച് 544ലാണ് വ്യവസായ ഇടനാഴി സ്ഥാപിക്കുന്നത്. ഈ ഭാഗത്തെ സംരംഭങ്ങൾക്കും ദേശീയപാത 66 കുതിപ്പാകും. പ്രത്യേകിച്ച് എറണാകുളം, തൃശൂർ ജില്ലകളിൽ. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഐ.ടി പാർക്കുകൾക്കും പാത നേട്ടമാകും. ദേശീയപാതകളുടെ സാമീപ്യം, ടൂറിസം, ആരോഗ്യം, റിയൽ എസ്റ്റേറ്റ്, വ്യവസായം, ലോജിസ്‌റ്റിക്‌സ് മേഖലകൾക്കും നേട്ടമാകുമെന്ന് വിവിധ വ്യവസായ, വാണിജ്യ സംഘടനാ ഭാരവാഹികൾ പറഞ്ഞു.

66 മായി ബന്ധിക്കുന്ന

ദേശീയപാതകൾ

മലാപ്പറമ്പ് - കൊല്ലഗൽ 776

രാമനാട്ടുകര - പാലക്കാട് 966

ചേരാനല്ലൂർ - വല്ലാർപാടം 966 എ

ഇടപ്പള്ളി - സേലം 544

കുണ്ടന്നൂർ - തോണ്ടി 85

കുണ്ടന്നൂർ - കൊച്ചി തുറമുഖം 966 ബി

ചവറ - വണ്ടിപ്പെരിയാർ 183 എ

കടവൂർ - കുമളി 183

കല്ലുംതാഴം - തിരുമംഗലം 744