നഗരസഭ കൈകോർത്തു സുബലാപാർക്കിന് ജീവൻ

Saturday 11 October 2025 11:13 PM IST

80 ലക്ഷം രൂപയുടെ പണികൾ തുടങ്ങി

പത്തനംതിട്ട : പത്തനംതിട്ട സുബലാ പാർക്കിന്റെ രണ്ടാംഘട്ട നിർമ്മാണം നഗരസഭയുടെ നേതൃത്വത്തിൽ തുടങ്ങി. ജില്ലാ പട്ടികജാതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സുബല പാർക്കിന്റെ വികസന പ്രവർത്തനങ്ങൾക്കായി നഗരസഭ അമൃത് പദ്ധതിയിൽ നിർദ്ദേശങ്ങൾ സമർപ്പിച്ച് അനുമതി നേടിയെങ്കിലും നിർവഹണം നഗരസഭയെ ഏൽപ്പിക്കുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പദ്ധതിയിൽ പങ്കാളിത്തമോ നടത്തിപ്പ് ചുമതലയോ നഗരസഭ ചോദിച്ചിട്ടില്ലെന്നും, ജില്ലാ ആസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ വിശ്രമ കേന്ദ്രമാക്കി പദ്ധതിയെ മാറ്റാൻ നഗരസഭ സഹായം ചെയ്യുക മാത്രമാണെന്നും കാട്ടി നഗരസഭ ചെയർമാൻ,​ പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് 2023 ൽ കത്ത് നൽകി. തുടർന്ന് നഗരസഭയുടെ മേൽനോട്ടത്തിൽ നിലവിലെ നിർവഹണ ഏജൻസിയായ ജില്ലാ നിർമ്മിതി കേന്ദ്രത്തെ വകുപ്പ് ചുമതലപ്പെടുത്തി. എന്നാൽ ഏറ്റെടുക്കാൻ കഴിയുന്ന പ്രവൃത്തികളുടെ തുക അധികരിച്ചതിനാൽ പദ്ധതി ഏറ്റെടുക്കാൻ ആവില്ലെന്ന് ജില്ലാ നിർമ്മിതി കേന്ദ്രം അറിയിച്ചു. ഇതോടെ ലഭിച്ച തുക നഷ്ടപ്പെടാതിരിക്കാൻ നിർവഹണം ഏറ്റെടുക്കാൻ നഗരസഭ തയ്യാറാണെന്ന് പട്ടികജാതി വികസന വകുപ്പിനെ അറിയിക്കുകയായിരുന്നു.

നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ നിർവഹിച്ചു.

പൊതുജനങ്ങൾക്ക് ഇടപെടാൻ കഴിയുന്ന സാമൂഹ്യ ഇടങ്ങളുടെ വളർച്ച നാടിന്റെ സാംസ്കാരിക അന്തരീക്ഷത്തെ ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ സി കെ അർജുനൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, പ്രതിപക്ഷ നേതാവ് എ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി .കെ .അനീഷ്, കൗൺസിലർമാരായ ശോഭ കെ. മാത്യു, അഡ്വ..എ .സുരേഷ് കുമാർ, വിമല ശിവൻ, സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, പി കെ ജേക്കബ്, എം.എച്ച് ഷാജി, അഡ്വ.മാത്തൂർ സുരേഷ്, ഷാഹുൽ ഹമീദ്, നൗഷാദ് കണ്ണങ്കര, സത്യൻ കണ്ണങ്കര, അശോക് കുമാർ പി.വി , കൊച്ചുമോൾ ജോസ്, ആദർശ്, ജില്ലാ പട്ടികജാതി ഓഫീസ് സൂപ്രണ്ട് ഫിലിപ്പ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

പാർക്കിലെ തടാകത്തിന്റെ ചുറ്റുമതിൽ പൂർത്തിയാക്കും

തടാകത്തിന് ചുറ്റും ടൈൽവിരിച്ച് നടപ്പാത നിർമ്മിക്കും

ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും

പ്രഭാത - സായാഹ്ന നടത്തത്തിന് സാഹചര്യം