അമീബിക് മസ്തിഷ്‌ക ജ്വരം; ഒരു മരണം കൂടി, മരിച്ചത് കൊല്ലം സ്വദേശിനി

Saturday 11 October 2025 11:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾകൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ സ്ത്രീയാണ് മരിച്ചത്. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവർ. സെപ്തംബർ 23നാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസം മൂന്നാമത്തെ അമീബിക് മസ്തിഷ്ക ജ്വര മരണമാണിത്.

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്‌തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗമുണ്ടാക്കുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.