തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മുഖ്യമന്ത്രി റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നത് 30 മിനിട്ട്

Sunday 12 October 2025 12:14 AM IST

കൊച്ചി: ഉദ്ഘാടനച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിലും ട്രെയിനിലുമായി എറണാകുളത്ത് മുഖ്യമന്ത്രി കാത്തിരുന്നത് അര മണിക്കൂർ. വാട്ടർമെട്രോ ബോട്ട്ജെട്ടികളുടെ ഉദ്ഘാടനച്ചടങ്ങിലും പൊലീസിന്റെ സൈബർസുരക്ഷാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലും പങ്കെടുത്ത ശേഷം ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്‌സ്‌പ്രസിലാണ് അദ്ദേഹം തലസ്ഥാനത്തേക്ക് പോയത്.

വൈകിട്ട് 4.46നാണ് മുഖ്യമന്ത്രി എറണാകുളം നോർത്ത് സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലെത്തിയത്. ട്രെയിനപ്പോൾ ഇടപ്പള്ളി സ്റ്റേഷൻ വിട്ടിരുന്നു. മൂന്ന് മിനിറ്റ് വൈകി 4.53 ന് ട്രെയിൻ എത്തുന്നതുവരെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ ചെറിയ പ്രവേശനകവാടത്തിന് സമീപം മുഖ്യമന്ത്രി കസേരയിട്ട് ഇരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഒപ്പമുണ്ടായിരുന്നു.

കേരള എക്‌സ്‌പ്രസിസിന് സ്റ്റേഷനിൽ അഞ്ച് മിനിറ്റാണ് സ്റ്റോപ്പുള്ളതെങ്കിലും 23 മിനിട്ട് കഴിഞ്ഞ് 5.16ന് മാത്രമാണ് ഇന്നലെ പുറപ്പെട്ടത്. ലഗേജ് കം ബ്രേക്ക് വാനിൽ നിന്ന് ചരക്കിറക്കാനും കയറ്റാനും 15 മിനിറ്റ് വേണ്ടിവന്നു. ഇതിനിടെ ബംഗളൂർ-എറണാകുളം ഇന്റർസിറ്റി മുഖ്യലൈനിലൂടെ കടന്നുപോയതിനെ തുടർന്ന് സിഗ്നൽ ക്ലിയറൻസിനും സമയമെടുത്തു. കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി. രാജ്കുമാർ, എറണാകുളം റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ട്രെയിൻ സ്റ്റേഷൻ വിടുന്നതുവരെ പ്ലാറ്റ്ഫോമിലുണ്ടായിരുന്നു.