സന്നിധാനത്ത് ഇനി ഇരുന്ന് വിശ്രമിക്കാം
ശബരിമല: ശരംകുത്തി വഴിയും ചന്ദ്രാനന്ദൻ റോഡിലൂടെയും സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തർ ജ്യോതിർനഗറിലെ നടപ്പന്തലിൽ ഇനി കാത്തുനിന്ന് തളരില്ല. നടപ്പന്തലിൽ ഇരുവശവും ഇരുന്ന് വിശ്രമിക്കാൻ ബെഞ്ച് നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. മുന്നൂറ് മീറ്ററോളം ദൂരത്തിലാണ് ബെഞ്ച് സ്ഥാപിക്കുന്നത്. മണ്ഡല, മകരവിളക്ക് പൂജാ ദിവസങ്ങളിൽ തിങ്ങി ഞെരുങ്ങി ദർശനത്തിന് കാത്തുനിൽക്കുന്ന ഭക്തർക്ക് ബെഞ്ച് ആശ്വാസമാകും. ഇൗ വർഷത്തെ തീർത്ഥാടനം തുടങ്ങുന്നതിന് മുമ്പായി നിർമ്മാണം പൂർത്തിയാകും. കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ചാണ് ബെഞ്ച് നിർമ്മിക്കുന്നത്. ഇതിനായി നടപ്പന്തലിൽ ഇരുമ്പ് പൈപ്പുകൾകൊണ്ട് നിർമ്മിച്ച കൈവരികൾ പൊളിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. രാഷ്ട്രപതി വരുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച പണികൾ താത്കാലികമായി നിറുത്തിവയ്ക്കും.
ദേവസ്വം ബോർഡിന്റെ ഫണ്ടുപയോഗിച്ചാണ് ബെഞ്ചുകൾ നിർമ്മിക്കുന്നത്. ഇതോടെ നടപ്പന്തലിൽ കൂടുതൽ സ്ഥലം ലഭിക്കും. ദർശനത്തിന് മണിക്കൂറുകൾ കാത്തുനിൽക്കുന്ന ഭക്തർ നടപ്പന്തലിലെ വീതിക്കുറവ് കാരണം തിങ്ങി നിൽക്കേണ്ടിവരുന്നുണ്ട്. നിരവധി ഭക്തർ ഇവിടെ തളർന്നു വീണിട്ടുണ്ട്. വലിയ നടപ്പന്തൽ നിറയുമ്പോഴാണ് ജ്യോതിർനഗറിലെ പന്തലിലേക്ക് ഭക്തരുടെ ക്യൂ നീളുന്നത്.
@ 300 മീറ്റർ ദൂരത്തിൽ സിമന്റ് ബെഞ്ചുകൾ
@ തീർത്ഥാടനത്തിന് മുമ്പ് പൂർത്തിയാകും