ചാവക്കാട്ട് കുഫോസിന്റെ ആറ് തൊഴിലധിഷ്ഠിത കോഴ്സുകൾ

Sunday 12 October 2025 12:00 AM IST

കൊച്ചി: വിഴിഞ്ഞം തുറമുഖം പ്രവർത്തനം പൂർണതോതിലാകുന്നതൊടെ നൂറുകണക്കിന് പേർക്ക് തൊഴിൽ സാദ്ധ്യത തെളിയും. ഇതുൾപ്പെടെ മുന്നിൽക്കണ്ട് കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) ചാവക്കാട്ട് നോളജ് സെന്റർ തുടങ്ങുന്നു.

വെയർഹൗസ് - കാർഗോ, ലോജിസ്റ്റിക്‌സ്, ഡ്രഡ്ജിംഗ്, ട്രാൻസ്‌പോർട്ടേഷൻ, ഔട്ട്‌ബോർഡ് എൻജിൻ ടെക്‌നീഷ്യൻ, ലൈഫ് ഗാർഡ്, അക്വേറിയം മെയിന്റനൻസ് തുടങ്ങിയവയിൽ ആറ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ തുടങ്ങും. മൂന്നു മുതൽ ആറ് മാസം വരെയുള്ള കോഴ്സുകളാണ്. ഇതിന് ചാവക്കാട് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ സൗകര്യമൊരുക്കി.

ക്ലാസുകൾ അടുത്തമാസം തുടങ്ങും. പ്രതിവർഷം 300 പേർക്കാണ് പരിശീലനം. എൻ.കെ. അക്ബറിന്റെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്ര-സംസ്ഥാന ഏജൻസികളുടെയും സഹായംതേടും.

കേരളത്തിൽ ബിരുദധാരികൾ ഏറെയുണ്ടെങ്കിലും സർക്കാർ സർവേപ്രകാരം 30 വയസിൽ താഴെ 29.9 ശതമാനം തൊഴിൽരഹിതരാണ്. പുതിയ തൊഴിലവസരങ്ങൾക്ക് യോജിച്ച വിദ്യാഭ്യാസത്തിന്റെ കുറവാണ് കാരണം. ഇതു നികത്തുകയാണ് ലക്ഷ്യമെന്ന് കുഫോസ് വിജ്ഞാനവിഭാഗം മേധാവി പ്രൊഫ. ഡോ. എം.കെ. സജീവൻ പറഞ്ഞു.

കോഴ്‌സുകൾ, യോഗ്യത, കാലാവധി

 അക്വേറിയം സെറ്റിംഗ് ആൻഡ് മെയിന്റനൻസ്: പ്ലസ്ടു സയൻസ്, 6മാസം  ഫിഷ് പ്രോസസിംഗ് ആൻഡ് വാല്യുആഡഡ് പ്രോഡക്ട്‌സ്: പ്ലസ്ടു സയൻസ്, 6മാസം  മെയിന്റനൻസ് ഒഫ് മറൈൻ എൻജിൻസ്: പത്താംക്ലാസ്, 6 മാസം  കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, പ്ലസ്ടു സയൻസ്: 6മാസം  മൂറിംഗ് ക്രൂ ലാസ്‌കർ: പത്താംക്ലാസ്: 6മാസം  സീ റെസ്‌ക്യു, ഓപ്പൺ വാട്ടർ ആൻഡ് ബീച്ച് ലൈഫ്ഗാർഡ്: പത്താംക്ലാസ്, 3 മാസം

മറ്റ് ഫിഷറീസ് ടെക്‌. ഹൈസ്‌കൂളുകളിലും നോളജ് സെന്റർ തുടങ്ങും

ഡോ. എ. ബിജുകുമാർ,

വൈസ് ചാൻസലർ, കുഫോസ്