ദൃശ്യങ്ങൾ പുറത്ത്, ഷാഫി പറമ്പിലിനെ തല്ലിയത് പൊലീസ് തന്നെ
കോഴിക്കോട്: പേരാമ്പ്ര സി.കെ.ജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിക്ക് മർദ്ദനമേറ്റത് പൊലീസ് ലാത്തിചാർജ്ജിനിടെയെന്ന് വ്യക്തമാക്കുന്ന മൊബെെൽ ദൃശ്യങ്ങൾ പുറത്ത്.
ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് തല്ലുന്നത് വീഡിയോയിൽ വ്യക്തമാണ്. പ്രതിഷേധക്കാർക്കു മുന്നിൽ പൊലീസ് വലയം തീർക്കുന്നതിനിടെ പിന്നിൽ നിൽക്കുന്ന പൊലീസ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കുണ്ട്. ലാത്തി വീശിയിരുന്നില്ലെന്നും പ്രകോപിതരായ യു.ഡി.എഫ് പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചപ്പോഴാവാം ഷാഫിക്ക് പരിക്കേറ്റതെന്നുമായിരുന്നു റൂറൽ എസ്.പി കെ.ഇ ബെെജുവിന്റെ വിശദീകരണം.ഷാഫിയെ പൊലീസ് തല്ലിയതല്ലെന്നും ഇതെല്ലാം ‘ഷോ’ മാത്രമാണെന്നും ചില ഇടതു നേതാക്കളും പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ ഷാഫി ഉൾപ്പെടെ 700 പേർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ ഇന്നലെ രാവിലെ കോഴിക്കോട് നടക്കാവിലെ ഐ.ജി ഓഫീസിനു മുന്നിൽ ധർണ നടത്തി. എം.കെ.രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ, ടി.സിദ്ധിഖ് തുടങ്ങിയവർ പ്രസംഗിച്ചു. ധർണയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളിനുമിടയാക്കി. പൊലീസ് ക്രൂരതയിൽ അടിയന്തര ഇടപെടലും നടപടിയും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭ സ്പീക്കർക്ക് പരാതി നൽകി. വെെകിട്ട് പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ പൊലീസിനെ പ്രവർത്തകർ വളഞ്ഞു. പിന്നീട് നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. സമാധാനം നിലനിർത്താൻ ബാദ്ധ്യസ്ഥനായ എം.പി നേരിട്ട് അക്രമത്തിന് ഇറങ്ങുകയായിരുന്നുവെന്നും,ജില്ലയിൽ ആസൂത്രിതമായ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഷാഫിയുടെ മൂക്കിന്
പൊട്ടൽ, വിശ്രമം
ഷാഫി പറമ്പിൽ എം.പിയുടെ മൂക്കിന്റെ രണ്ട് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി. ഇടത് മൂക്കിന്റെ എല്ലു പൊട്ടുകയും സ്ഥാനം തെറ്റുകയും വലതു മൂക്കെല്ല് പൊട്ടുകയും ചെയ്തു. മൂക്കിന്റെ പാലം വളഞ്ഞു. തുടർ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി എം.പിയെ ഐ.സി.യുവിലേക്കു മാറ്റി. ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്ന് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ അറിയിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ദീപാദാസ് മുൻഷി, എം.കെ രാഘവൻഎം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ ഫിറോസ് തുടങ്ങിയവർ ഷാഫിയെ ആശുപത്രിയിൽ സന്ദർശിച്ചു.
അയ്യപ്പന്റെ സ്വർണം കട്ടത് അക്രമം കൊണ്ട് മറച്ചുവയ്ക്കാൻ പറ്റില്ല. ക്രിമിനൽ സ്വഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥരെ നോക്കി വച്ചിട്ടുണ്ട്. ഷാഫിയെ തൊട്ട പൊലീസുകാരെ ഡൽഹിക്ക് വിളിപ്പിക്കും. തിരിച്ചടി നേരിടേണ്ടി വരും. -എം.കെ രാഘവൻ എം.പി
ആക്രമണം ആസൂത്രിതമാണ്. സി.പി.എം ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഷാഫി പറമ്പിൽ എം.പിയ്ക്കുള്ള ജനസമ്മതി സി.പി.എമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. സ്വർണപ്പാളി വിവാദം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലുള്ളത്. - മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ
കൊല്ലാനും മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. അയ്യപ്പന്റെ പൊന്നുകട്ട വിഷയം മറയ്ക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഷാഫി പറമ്പിലിനേറ്റ മർദ്ദനം. -രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ
ചോരക്കൊതി സി.പി.എമ്മിന്റെ ഡി.എൻ.എയിൽ ലയിച്ചതാണ്. പൊലീസിനെ ഉപയോഗിച്ച് ഷാഫി പറമ്പിലിനെ ഉന്മൂലനം ചെയ്ത് ചില കാര്യങ്ങളിൽ നിന്നും ഒളിച്ചോടാമെന്ന് സി.പി.എം കരുതേണ്ട. ശക്തമായ തിരിച്ചടിക്കും.
-രാജ്മോഹൻ ഉണ്ണിത്താൻ എംപി