ഉണ്ണികൃഷ്ണൻ പോറ്റി നാട്ടിൽ വിരുന്നുകാരൻ മാത്രം

Sunday 12 October 2025 12:46 AM IST

കാരേറ്റ് : ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിറഞ്ഞു നിൽക്കുന്ന പുളിമാത്ത് ഭഗവതി വിലാസം മഠത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി പുളിമാത്തുകാർക്ക് വല്ലപ്പോഴും നാട്ടിലെത്തുന്ന സന്ദർശകൻ മാത്രം . ഹൈസ്കൂൾവരെ കാരേറ്റ് ദേവസ്വം സ്കൂളിൽ പഠിച്ചതും തുടർന്ന് പിതാവ് നാരായണൻ പോറ്റിയുടെ സഹായിയായി പുളിമാത്ത് ക്ഷേത്രത്തിൽ പൂജ ചെയ്തതും നാട്ടുകാർ ഓർക്കുന്നു. കുറച്ചുനാൾ കഴിഞ്ഞ് കീഴ്ശാന്തിയായി കർണാടകയിലേക്ക് പോയി. വീട്ടിലെ പ്രധാന ചടങ്ങുകൾക്ക് മാത്രമേ വരാറുള്ളൂ. മണ്ഡലകാലത്ത് ശബരിമലയിൽ ജോലി ചെയ്തിരുന്നതായും നാട്ടുകാർ ഓർക്കുന്നു. ഭാര്യയുടെ മരണത്തെ തുടർന്ന് ശബരിമലയിൽ ജോലിക്ക് പോകാറില്ലെന്ന് നാട്ടുകാരോട് പറഞ്ഞിരുന്നു. ക്രമേണ സാമ്പത്തികമായി ഉയരുകയും പുതിയ വീട് നിർമ്മിക്കുകയും ചെയ്തു. നാട്ടിൽ സുഹൃത്തുക്കൾ കുറവാണ്. ബംഗളൂരുവിൽ എന്ത് ബിസിനസാണെന്ന് നാട്ടിൽ ആർക്കും അറിയില്ല.