കെ.എസ്.യു പരാതി നൽകി

Sunday 12 October 2025 12:49 AM IST

കൊല്ലം: മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടി, എ.കെ.ആന്റണി, മുൻ കേന്ദ്ര മന്ത്രി വയലാർ രവി എന്നിവരെ അധിക്ഷേപിച്ച എസ്.എഫ്.ഐ നേതാക്കൾക്കെതിരെ പരാതിയുമായി കെ.എസ്‌.യു. ഇന്നലെ കൊട്ടാരക്കര എസ്.ജി കോളേജിൽ നടന്ന പ്രകടനത്തിനിടയിലാണ് എസ്.എഫ്.ഐ പ്രവർത്തകർ ഉമ്മൻചാണ്ടിയെയും എ.കെ.ആന്റണിയെയും അവഹേളിക്കും വിധമുള്ള മുദ്രാവാക്യങ്ങൾ വിളിച്ചത്. ഇതിനെതിരെ കെ.എസ്‌.യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ സംസ്ഥാന പൊലീസ് മേധാവിക്കും കൊല്ലം റൂറൽ എസ്.പിക്കും പരാതി നൽകി. പൊതുസമൂഹത്തിന്റെ മാന്യതയ്ക്ക് നിരക്കാത്ത, തരംതാഴ്ന്ന മുദ്രാവാക്യങ്ങൾ വിളിച്ചവർക്കെതിരെ നടപടി വേണമെന്നാണ് അൻവർ സുൽഫിക്കറിന്റെ പരാതിയിലെ ആവശ്യം.