ഷാഫിയെ സി.പി.എം വേട്ടയാടുന്നു: കെ.സി
പേരാമ്പ്ര: ഷാഫി പറമ്പിൽ എം.പിയെ സി.പി.എം വേട്ടയാടുകയാണെന്നും ,അദ്ദേഹത്തെ വക വരുത്താൻ വിട്ടു കൊടുക്കില്ലെന്നും എ.ഐ.സി.സി ജനൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഷാഫി പറമ്പിൽ എം.പിയെ മർദ്ദിച്ചതിനെതിരെ പേരാമ്പ്രയിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം മറയ്ക്കാനാണ് ഇത്തരം പ്രവൃത്തികളെല്ലാം ചെയ്യുന്നത്.അണികളെ വിട്ട് നേതാക്കൾ സ്വർണത്തിന് കാവലിരിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. അണികളെ നോക്കാനാണ് ഷാഫിയും ഡി.സി.സി പ്രസിഡന്റും പേരാമ്പ്രയിൽ എത്തിയത്. ഡിവൈ.എസ്.പി സുനിലിനെ ഞങ്ങൾ നോക്കിവെച്ചിട്ടുണ്ട്. ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാടുകൾക്കെതിരെ വരും കാലത്ത് നിയമപരമായി മറുപടി പറയിപ്പിക്കും. പൊലീസിന്റെ പക്ഷപാത സമീപനം അംഗീകരിക്കാൻ കഴിയില്ല .മുഖം നോക്കാതെ ഇടപെടാനും എല്ലാവർക്കും തുല്യ നീതി ഉറപ്പു വരുത്താനും പൊലീസിന് ബാദ്ധ്യതയുണ്ട് . സി.പി.എമ്മിന്റെ അവസാന ഭരണമാണിതെന്നും വേണുഗോപാൽ പറഞ്ഞു.