മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് , ഇ.ഡിയുടെ തുടർ നടപടി അജ്ഞാതം
കൊച്ചി: കള്ളപ്പണ വിനിമയ നിരോധന നിയമപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇ.ഡി രണ്ടുവർഷംമുമ്പ് സമൻസ് നൽകിയതിലെ തുടർനടപടി അജ്ഞാതം. സമൻസ് അയച്ചകാര്യം പുറത്തുവന്നതിൽ ഇ.ഡി അധികൃതർ പ്രതികരിച്ചിട്ടില്ല. സമൻസ് കിട്ടിയിട്ടും ഹാജരായില്ലെന്നാണ് വിവരം.
തൃശൂർ വടക്കാഞ്ചേരിയിൽ ലൈഫ് ഫ്ളാറ്റ് സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ പലതവണ ചോദ്യംചെയ്‌തശേഷമാണ് വിവേക് കിരണിന് നോട്ടീസ് നൽകിയത്. 2023 ഫെബ്രുവരി 14ന് ഹാജരാകാനാണ് ഇ.ഡി അസി. ഡയറക്‌ടർ പി.കെ. ആനന്ദ് നോട്ടീസ് നൽകിയത്. സ്വത്തുവിവരങ്ങൾ, ബാങ്ക് അക്കൗണ്ട് രേഖകൾ, ആധാർ, പാൻ തുടങ്ങിയവ ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നു.
ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുന്ന ദിവസം അസൗകര്യമുണ്ടെങ്കിൽ ഇ.ഡിയെ അറിയിക്കാം. നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ കത്തുനൽകാം. ഇ മെയിലിലും അറിയിക്കാം. അങ്ങനെയെങ്കിൽ പുതിയ ദിവസം അറിയിച്ച് വീണ്ടും നോട്ടീസ് നൽകും. ഒന്നിലേറെ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തത് കുറ്റമായി കണക്കാക്കും. ഹാജരാകാത്തയാൾ എവിടെയുണ്ടോ അവിടെയെത്തി ചോദ്യംചെയ്യാം. കസ്‌റ്റഡിയിലുമെടുക്കാം.
വിവേക് കിരൺ അസൗകര്യം അറിയിച്ചിരുന്നോ, വീണ്ടും നോട്ടീസ് നൽകിയിരുന്നോ തുടങ്ങിയ വിവരങ്ങൾ ഇ.ഡി വെളിപ്പെടുത്തിയിട്ടില്ല. ഇ.ഡി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഭാഗിക കുറ്റപത്രം സമർപ്പിക്കാൻ അധികാരമുണ്ട്. പിന്നീട് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കൂടുതൽ പേരെ പ്രതിചേർക്കാനും വ്യവസ്ഥയുണ്ട്.
ലൈഫിൽ കുറ്റപത്രം 2023ൽ
ലൈഫ്‌മിഷൻ കേസിൽ കൊച്ചി കോടതിയിൽ 2023ൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എം. ശിവശങ്കർ, കരാറുകാരൻ സന്തോഷ് ഈപ്പൻ, യു.എ.ഇ കോൺസുലേറ്റ് മുൻ ജീവനക്കാരായ സ്വപ്‌ന സുരേഷ്, പി.എസ്. സരിത്, കൂട്ടാളി സന്ദീപ് നായർ തുടങ്ങിയവരാണ് പ്രതികൾ. പ്രളയബാധിതർക്ക് ഫ്ളാറ്റ് നിർമ്മിക്കാൻ യു.എ.ഇയിലെ റെഡ് ക്രസന്റ് സംഭാവന നൽകിയ തുകയിൽ 4.40 കോടിരൂപ കൈക്കൂലിയായി നൽകിയെന്നാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് സമൻസ് അയച്ച വിവരം ഇ.ഡി പൂഴ്ത്തിയതിൽ ദുരൂഹതയുണ്ട്. 2023ലാണ് ഇ.ഡി നോട്ടീസ് നൽകിയതെങ്കിലും ഇപ്പോഴാണ് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ മകനെതിരായ തുടർ നടപടിയെന്തായിരുന്നുവെന്ന് ഇ.ഡി പറയണം.
-കെ.സി. വേണുഗോപാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി