ചാങ്ങാപ്പാറയിൽ പുലിക്ക് പിന്നാലെ കാട്ടാന
പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ പുലി കിണറ്റിൽ വീണ ചാങ്ങാപ്പാറയ്ക്ക് സമീപം കാട്ടാന ഇറങ്ങി വീടിന്റെ അടുക്കള കുത്തിമറിച്ചു. മഹാദേവർമൺ കാക്കപ്പൊത്തിൽ ആമ്പാടിയിൽ വീട്ടിൽ ഗോപിനാഥൻ പിള്ളയുടെ വീടിന്റെ അടുക്കളയും സമീപത്തെ കോഴിക്കൂടും കൃഷികളുമാണ് കാട്ടാന നശിപ്പിച്ചത്.
ഭിത്തികൾക്ക് വിള്ളൽ വീണ് വീട് ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കിണറ്റിൽ വീണ പുലിയെ വെള്ളിയാഴ്ച ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്ന സമയത്ത് മഹാദേവർമണ്ണിൽ മൂന്ന് കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചിരുന്നു. തെങ്ങ്, കമുക്, വാഴ അടക്കമുള്ള കൃഷികളാണ് നശിപ്പിച്ചത്.
കറവൂർ, ചാങ്ങാപ്പാറ, മഹാദേവർമൺ തുടങ്ങിയ സ്ഥലങ്ങളിൽ രാവും പകലും കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാനകൾ ഇറങ്ങുമ്പോഴെല്ലാം വനപാലകരെ വിവരം അറയിക്കാറുണ്ടെങ്കിലും പുലി കിണറ്റിൽ വീണത് കരയ്ക്കെടുക്കുന്ന തിരക്കിലായതിനാൽ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ലെന്ന് ഗോപിനാഥ പിള്ള പറഞ്ഞു. കാട്ടാനകളെ മയക്കുവെടിവച്ച് ഉൾവനത്തിലേക്ക് തുരത്തണമെന്നും പുലിക്കെണി സ്ഥാപിക്കണണെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
രണ്ട് വർഷമായി ശല്യം രൂക്ഷം
കഴിഞ്ഞ രണ്ട് വർഷമായി പുലി, കാട്ടാന, പോത്ത്, പന്നി, കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം ഇവിടെ രൂക്ഷമാണ്. പട്ടാപ്പകൽ ഇവയെ ഭയന്നാണ് വിദ്യാർത്ഥികൾ സ്കൂളുകളിൽ പോകുന്നതും വരുന്നതും. ചാങ്ങാപ്പാറയിൽ കഴിഞ്ഞ ദിവസം പുലി ഇറങ്ങിയതോടെ പ്രദേശവാസികൾ സന്ധ്യകഴിഞ്ഞാൽ വീടിന് പുറത്ത് ഇറങ്ങാൻ ഭയപ്പെടുകയാണ്. രാത്രിയിൽ വനപാലകരുടെ നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.