വില കിട്ടാതെ കർഷകർ, തലകുനിച്ച് ഏത്തൻ

Sunday 12 October 2025 12:54 AM IST

കൊല്ലം: നാടൻ ഏത്തക്കാ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ നിരാശയിൽ. ഓണം കഴിഞ്ഞതോടെ വില താഴേക്കിറങ്ങുകയായിരുന്നു. കിലോയ്ക്ക് 40-50 രൂപയാണ് ഇപ്പോൾ മൊത്തവില. ഓണക്കാലത്ത് കിലോയ്ക്ക് 80-90 രൂപ വരെ മൊത്തവില ലഭിച്ച 'ഗമ' ഇപ്പോൾ തലകുനിച്ചിരിക്കുകയാണ്.

തമിഴ്നാട്ടിൽ നിന്നുൾപ്പടെ എത്തിക്കുന്ന മറുനാടൻ ഏത്തയ്ക്ക 100 രൂപയ്ക്ക് മൂന്ന് കിലോവരെയാണ് വണ്ടികളിലും മറ്റും എത്തിച്ച് വിൽക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ഏത്തക്കുലകൾ എത്തുന്നതാണ് വിലയിടിവിന് കാരണം. പ്രധാനമായും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ എത്തക്കുലകളാണ് കേരള വിപണിയിൽ എത്തുന്നത്. വയനാട്, പാലക്കാട്​ എന്നിവിടങ്ങളിൽ നിന്നും ജില്ലയിലേക്ക് ഏത്തക്കുലകൾ എത്തുന്നുണ്ട്.

എഴുകോൺ, കുണ്ടറ, കിഴക്കൻ മേഖലയിലെ ചീരൻകാവ്​, പുത്തൂർ, പുനലൂർ എന്നിവിടങ്ങളിൽ നിന്നാണ്​ നാടൻ ഏത്തക്കുലകൾ കൊല്ലം നഗരത്തിലുൾപ്പടെ എത്തുന്നത്​. കുറഞ്ഞ വിലയിൽ ലഭിക്കുന്ന മറുനാടൻ എത്തക്കുലകൾ വാങ്ങാനാണ് കച്ചവടക്കാർക്കും താൽപ്പര്യം.

വിപണിയിൽ മറുനാടൻ

വിപണി കീഴടക്കി മറുനാടൻ ഏത്തൻ

 കർഷകർക്ക് ഉത്പാദന ചെലവ് പോലും ലഭിക്കാത്ത സാഹചര്യം

 സീസൺ അല്ലാത്തതിനാൽ കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കുന്നു

 കനത്ത മഴയിലും വന്യജീവി ശല്യത്തിലും ഏത്തവാഴത്തോട്ടങ്ങൾക്ക് വലിയ നഷ്ടം

 പ്രതിസന്ധി മറികടന്ന് വിളവെടുത്താലും വിലയില്ല

 ഉപഭോക്താക്കൾക്ക് ആശ്വാസം

മൊത്തവില

₹ 40-50

കർഷകന് ലഭിക്കുന്നത്

₹ 30-40

ഓണക്കാലത്ത്

₹ 80-90

ഓണത്തിന് നല്ല വില കിട്ടിയിരുന്നു. സീസൺ കഴിഞ്ഞതോടെ വല്യ ഇടിവാണ് ഉണ്ടായത്. ഡിസംബർ മുന്നിൽ കണ്ടാണ് ഇപ്പോൾ പ്രധാനമായും കൃഷി ചെയ്യുന്നത്.

അഭിലാഷ്, വാഴ കർഷകൻ