കേരളത്തിലേത് സോഷ്യൽ പൊലീസിംഗ്: മുഖ്യമന്ത്രി

Sunday 12 October 2025 2:45 AM IST

തൃശൂർ: കേരളത്തിലേത് സോഷ്യൽ പൊലീസിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റകൃത്യങ്ങൾ തടയുക മാത്രമല്ല പൊലീസിന്റെ ചുമതല,ആപത്ത് ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കേണ്ടത് അനിവാര്യമാണ്. ഇത് പ്രവൃത്തിയിലൂടെ കേരള പൊലീസ് തെളിയിച്ചിട്ടുണ്ട്. രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 104 എസ്.ഐമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഉടനടി നടപടി സ്വീകരിക്കണം. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശക്തമായ ഇടപെടലാണ് പൊലീസ് നടത്തുന്നത്. സാമൂഹ്യവിരുദ്ധരെയും കുറ്റവാളികളെയും അകറ്റി നിറുത്തുന്നതിൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ബാലചന്ദ്രൻ എം.എൽ.എ,കൗൺസിലർ രാജശ്രീ ഗോപൻ,ഡി.ജി.പി രവത ചന്ദ്രശേഖർ,അക്കാഡമി ഡയറക്ടർ കെ.സേതുമാധവൻ എന്നിവർ പങ്കെടുത്തു.