ഒരു കുട്ടയ്ക്ക് ലഭിക്കുന്നത് 4500 മുതൽ 6000 രൂപ വരെ, ഡിമാൻഡ് കൂടുതൽ ബ്രൗൺ നിറമുള്ളവയ്ക്ക്
വിഴിഞ്ഞം: കടൽ ചിപ്പിക്ക് വൻ ഡിമാൻഡ്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിഴിഞ്ഞത്ത് ലഭിച്ചത് വലിപ്പമേറിയ ചിപ്പികളാണ്(മുതുവ). നിലവിൽ ഒരു ചിപ്പിക്ക് 8മുതൽ12രൂപയോളം വിലയുണ്ട്.
ഇത്തവണ മുതുവചിപ്പി ലഭിച്ചതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആവശ്യക്കാരെത്തുന്നുണ്ട്.
കഴിഞ്ഞ വർഷം വരെ ചിപ്പി കോളനികൾ മൺമറഞ്ഞതോടെ കടൽ ചിപ്പി ലഭ്യത കുറഞ്ഞിരുന്നു. തുടർന്ന് വിത്ത് ചിപ്പിയുടെ അമിത ചൂഷണം തടയാൻ ചിപ്പി തൊഴിലാളി സംഘടന രൂപീകരിച്ച് നിയന്ത്രണമേർപ്പെടുത്തി.
ഇതോടെയാണ് ഇത്തവണ മുതുവ കൂടുതലായി ലഭിക്കാൻ കാരണമെന്ന് തൊഴിലാളികൾ പറഞ്ഞു. ഒരു തൊഴിലാളിക്ക് ഒരു ദിവസം രണ്ട് കുട്ട ചിപ്പിയെടുക്കാൻ മാത്രമേ അനുവാദമുള്ളൂ. വിത്ത് ചിപ്പി എടുക്കുന്നതിനും വിലക്കുണ്ട്. ഒരുചെറിയ ചിപ്പി വളർന്ന് വലുതാകാൻ ഒന്നര വർഷത്തോളമെടുക്കും.
രണ്ടാഴ്ച മുൻപ് ഒരു കുട്ട ചിപ്പിയ്ക്ക് - 6000 മുതൽ 8000 വരെ
ഇപ്പോൾ - 4500 മുതൽ 6000 രൂപ വരെ
ചിപ്പിയുടെ വലിപ്പമനുസരിച്ചാണ് വില വ്യത്യാസം
ഒരു കുട്ടയിൽ 300 മുതൽ 500 ചിപ്പികൾ വരെയുണ്ടാകും
ചിപ്പി തൊഴിലാളികൾ
വിഴിഞ്ഞത്ത് 82 പേർ
കോവളത്ത് 10 പേർ
ഇടക്കല്ല് ഭാഗത്ത് 20 പേർ
കേരളത്തീരത്ത് രണ്ടിനം ചിപ്പികൾ
പുറംതോടുകളിൽ പച്ച,ബ്രൗൺ നിറങ്ങളുള്ള ചിപ്പികളാണ് കേരളത്തീരത്തുള്ളത്. വർക്കല മുതൽ പൂവാർ വരെയുള്ള കടൽത്തീരങ്ങളിൽ ബ്രൗൺ നിറമുള്ള ചിപ്പിയാണ്. ഇവയ്ക്ക് കൊഴുപ്പ് കൂടുതലാണ്.ഈ ഭാഗത്തെ കടലിന്റെ അടിത്തട്ടിൽ ചെളികുറഞ്ഞ് മണൽപ്പരപ്പായതിനാൽ ഇവയ്ക്ക് രുചിയും കൂടുതലാണ്. മറ്റ് സ്ഥലത്ത് കൂടുതലും അടിത്തട്ടിൽ ചെളിയോടുകൂടിയ സ്ഥലത്ത് വളരുന്നതിനാൽ രുചിയും കുറവാണ്. വിഴിഞ്ഞം ചിപ്പിക്ക് പ്രാദേശിക മാർക്കറ്റിൽ വൻ ഡിമാൻഡാണ്.
ചിപ്പി ശേഖരണം
രാവിലെ 6.30മുതൽ 7വരെയാണ് ചിപ്പിയെടുക്കുന്നത്.കടലിന്റെ അടിത്തട്ടിൽ 35മുതൽ 60 അടിതാഴ്ച വരെയുള്ള പാറകളിൽ നിന്ന് ചിപ്പി കത്തി ഉപയോഗിച്ചാണ് അടർത്തിയെടുക്കുന്നത്. ഡൈവിംഗ് മാസ്ക് (കണ്ണട) ഉപയോഗിച്ചാണ് കടലിൽ മുങ്ങുന്നത്.ശേഖരിക്കുന്ന ചിപ്പി കുളിമാൽ എന്ന വലയിൽ സൂക്ഷിക്കും.കടൽ ശാന്തമാണെങ്കിൽ ഒരു മണിക്കൂറും,ക്ഷോഭത്തിലാണെങ്കിൽ രണ്ട് മണിക്കൂറും വേണ്ടിവരും ഒരു കുട്ട നിറയാൻ.
കടൽ മലിനീകരണം ചെറുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.സൂക്ഷ്മ പ്ലാസ്റ്റിക്കുകളെയും കടൽ മാലിന്യങ്ങളെയും ഭക്ഷിച്ച്,അവശേഷിക്കുന്ന ജലം ശുദ്ധീകരിച്ച് പുറംതള്ളുന്നു.ഇങ്ങനെ ഒരു ദിവസം 25 ലിറ്ററോളം ജലം ശുദ്ധീകരിക്കാൻ കഴിവുണ്ട്.