പരോളിലെത്തിയ പിതാവ് സാക്ഷി, വക്കീലായി മകൾ

Sunday 12 October 2025 2:50 AM IST

കൊച്ചി: മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നതിന് സാക്ഷിയാകാൻ തടവുകാരനായ പിതാവ് പരോളിൽ എത്തി. മകളുടെ സ്വപ്നസാഫല്യം കാണണമെന്ന പിതാവിന്റെ ആഗ്രഹം സാദ്ധ്യമാക്കിയത് ഹൈക്കോടതിയുടെ മനുഷ്യത്വപരമായ ഉത്തരവും.

മലപ്പുറം ഹാജ്യറപ്പള്ളി സ്വദേശി അബ്ദുൾ മുനീറിനാണ് മകൾ ഫാത്തിമ ഹെംനയുടെ എൻറോൾമെന്റിനായി അഞ്ചു ദിവസത്തെ അടിയന്തര പരോൾ ലഭിച്ചത്. വധശ്രമക്കേസിൽ 6വർഷം തടവിന് ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിലാണ് മുനീർ. മകളുടെ നേട്ടം നേരിട്ടുകാണണമെന്ന ആഗ്രഹവുമായി ജയിൽ അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ ഹൈക്കോടതി മാനുഷികവശം സ്വീകരിച്ചു. സമൂഹത്തിന് മുന്നിൽ കുറ്റവാളിയെങ്കിലും പിതാവ് ഏതൊരു കുഞ്ഞിന്റേയും ഹീറോ ആണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിധിന്യായത്തിൽ പരാമർശിച്ചിരുന്നു.

2001 ജനുവരി 16ന് മഞ്ചേരിയിൽ വച്ച് സി.ഐ.ടി.യു നേതാവ് ഷംസു പുന്നക്കലിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന അബ്‌ദുൾ മുനീർ മൂന്ന് പേർക്കൊപ്പം ശിക്ഷിക്കപ്പെട്ടത്. ആറു വർഷം തടവിന് ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ഒരു മാസം തടവുശിക്ഷയായി ഇളവു ചെയ്തെങ്കിലും, സർക്കാരിന്റെ അപ്പീലിൽ സുപ്രീംകോടതി ശിക്ഷ പുനഃസ്ഥാപിക്കുകയായിരുന്നു. സംഭവം നടന്ന് 24 വർഷത്തിന് ശേഷമായിരുന്നു സുപ്രീംകോടതി ഉത്തരവ് .

വക്കീൽജോലി ജീവിതാഭിലാഷമാണെന്നും പ്രാക്ടീസ് ഉചിതമായ കോടതിയിൽ ചെയ്യുമെന്നും ഫാത്തിമ പറഞ്ഞു. കണ്ണൂർ സർവകലാശാല സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലായിരുന്നു നിയമപഠനം. 24 വർഷമായി ഉപ്പ നടത്തുന്ന നിയമപോരാട്ടങ്ങളല്ല പ്രേരണയായത്. ഭൂതകാലം ആരും ചികയരുതേയെന്നും അഭ്യർത്ഥിച്ചു. 14ന് ജയിലിലേക്ക് മടങ്ങുന്ന മുനീറിന് കോട്ടും ഗൗണുമണിഞ്ഞ് സർട്ടിഫിക്കറ്റ് വാങ്ങുന്ന മകളുടെ ചിത്രം സ്നേഹസ്മരണയാകും.

1000 പേർ

സന്നതെടുത്തു

ബ‌ാർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ 1000 നിയമബിരുദധാരികൾ അഭിഭാഷകരായി എൻറോൾ ചെയ്തു. ഇവരിൽ വിവിധ കോടതികളിലെ ജീവനക്കാരുമുണ്ട്. ഇന്ന് 750 പേർ കൂടി സന്നതെടുക്കും.