ആസ്ട്രേലിയൻ മത പാർലമെന്റ് ചരിത്രമാകും: സ്വാമി സച്ചിദാനന്ദ

Sunday 12 October 2025 2:52 AM IST

ശിവഗിരി: ശിവഗിരി മഠത്തിന്റെ അഭ്യർത്ഥന അനുസരിച്ച് ആസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ വച്ച് നടത്തുന്ന ലോകമതസമ്മേളനം ചരിത്രസംഭവമായി തീരുമെന്നും, ആസ്ട്രേലിയൻ പാർലമെന്റിലെ എം.പിമാർ ശിവഗിരി മഠം സന്ദർശിച്ച വേളയിലാണ് മഹാസമ്മേളനം നടത്താൻ തീരുമാനമായതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

വത്തിക്കാനിലും ലണ്ടനിലും ബഹറിനിലും ഡൽഹിയിലും നടന്ന ലോകമത സമ്മേളനങ്ങളുടെ ചുവടു പിടിച്ചാണ് ഒക്ടോബർ 14 ന് ആസ്ട്രേലിയയിലെ സമ്മേളനം .വിക്ടോറിയൻ ഗവ. പ്രീമിയർ ജസീന്ത അലൻ, മന്ത്രി ഇൻഗ്രിഡ് സ്റ്റിട്ട്, ഗവ. വിപ്പ് ലീ ടർലാമീസ്, വ്യവസായ പ്രാദേശിക വികസന മന്ത്രി ജാക്ലിൻ സിസ്, പാർലമെന്ററി സെക്രട്ടറി ഷീന വാട്ട്, ഡെപ്യൂട്ടി സ്പീക്കർ മാട്ട് ഫ്രിഗൽ, കർദിനാൾ ബിചോക്ക്, ഗ്രീക്ക് ഓർത്തഡോക്സ്, അൽബനിയൻ മുസ്ലിം സൊസൈറ്റി, ബുദ്ധ,ചൈനീസ്, ശ്രീലങ്കൻ,സിക്ക്, മാർത്തോമ പെന്തക്കോസ്ത്, ഹിന്ദുമത നേതാക്കന്മാർ തുടങ്ങിയവർ പ്രഭാഷണം നടത്തും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ.ശശി തരൂർ ഗുരുവിന്റെ മതദർശനം അവതരിപ്പിക്കും.

മലയാളികളല്ലാത്തവരും പതിനാറോളം മതങ്ങളുടെ പ്രതിനിധികളുമായി എൺപതോളം മതപണ്ഡിതന്മാർ മത ദർശനങ്ങൾ അവതരിപ്പിക്കും. ശിവഗിരി മഠത്തിൽ നിന്നും സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ എന്നിവരും,മങ്ങാട് ബാലചന്ദ്രൻ, കെ. ജി. ബാബുരാജൻ ബഹറിൻ, കെ. മുരളീധരൻ (മുരളിയാ) അബുദാബി, അനൂപ് (മെഡിമിക്സ), മനോജ് (ഡൽഹി), സുരേഷ് കുമാർ മധുസൂദനൻ മുംബൈ, ഗോകുലം ഗോപാലൻ, അജയകുമാർ കരുനാഗപ്പള്ളി, സാജൻ പെരിങ്ങോട്ടുകര, അമ്പലത്തറ രാജൻ, ഡോ. സിദ്ദിഖ് അഹമ്മദ് ഹാജി, ചാണ്ടി ഉമ്മൻ എം.എൽ.എ, സജീവൻ ശാന്തി തുടങ്ങിയവരും പങ്കെടുക്കും

ആസ്ട്രേലിയയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് സത്സംഗവും പ്രഭാഷണങ്ങളും നടക്കും. സ്വാമി സച്ചിദാനന്ദ തയ്യാറാക്കിയ ശ്രീനാരായണ ഗുരൂസ് വിഷൻ ഓഫ് യൂണിവേഴ്സൽ ബ്രതർഹുഡ്, ശ്രീനാരായണ ഗുരു ദി പ്രോഫെറ്റ് ഓഫ് ദി പീസ് എന്നീ ഗ്രന്ഥങ്ങൾ സമ്മേളനത്തിൽ പ്രകാശനം ചെയ്യുമെന്ന് ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളായ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. വിവരങ്ങൾക്ക് ശിവഗിരി മഠം പി. ആർ.ഒ ഇ.എം. സോമനാഥനുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9447551499.