പൊലീസിനോട് ചോറ് ചോദിച്ച് വൈറലായ ​ഗോവിന്ദ് മിൽമ പരസ്യത്തിൽ

Sunday 12 October 2025 3:07 AM IST

തിരുവനന്തപുരം: ബി.ജെ.പിയുടെ ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസിനോട് ചോറ് ചോദിച്ച് വൈറലായ ഗോവിന്ദ് പരസ്യ താരമായി. മിൽമയുടെ പരസ്യത്തിലാണ് ഗോവിന്ദിന്റെ കരിക്കേച്ചറോടെയുള്ള പരസ്യം.'ഡാ മോനെ, ഒന്ന് കൂളായിക്കേ നീ' എന്ന ടാഗ് ലൈനോടെയുള്ള പരസ്യം മിൽമയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ട്.

ഗോവിന്ദ് എന്ന കൊച്ചുമിടുക്കന് മിൽമയുടെ സ്‌നേഹം എന്ന കമന്റോടെ മിൽമ കേരള എന്ന പേജിൽ പങ്കുവെച്ച പരസത്തിൽ 'പോലീസ് മാമൻമാരോട് ചോറും ഇത്തിരി ന്യായവും ചോദിച്ച കൊച്ചുമിടുക്കന് മിൽമയുടെ സ്നേഹം" എന്ന ക്യാപ്‌ഷനുമുണ്ട്. ക്ലിഫ് ഹൗസിലേക്കുള്ള ബി.ജെ.പി മാർച്ചിനെ പ്രതിരോധിക്കാൻ ബാരിക്കേഡ് സ്ഥാപിച്ചതോടെ വീട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിയപ്പോഴാണ് ഗോവിന്ദ് പൊലീസുകാരോട് ചോറ് ചോദിച്ചത്. 'സാറേ എനിക്ക് ചോറ് വേണം, ഇല്ലേൽ എന്നെ അപ്പുറത്താക്കി തരണമെന്നായിരുന്നു ഗോവിന്ദിന്റെ ആവശ്യം . ബാരിക്കേഡിനപ്പുറത്തെ വീട്ടിലെത്താൻ കുട്ടിയെ പൊലീസ് അപ്പുറത്ത് എത്തിച്ചിരുന്നു.