പ്രവാസികൾക്ക് എട്ടിന്റെ പണി കൊടുത്ത് അബുദാബി പൊലീസ്; മലയാളികൾക്കടക്കം പിഴ

Sunday 12 October 2025 5:49 PM IST

അബുദാബി: അനുമതിയില്ലാത്ത സ്ഥലത്തിലൂടെ റോഡ് കുറുകെ കടന്ന മലയാളികൾ ഉൾപ്പടെയുള്ളവർക്ക് പിഴ ചുമത്തി അബുദാബി പൊലീസ്. 400 ദിർഹമാണ് പിഴ. മുസഫ ഷാബിയയിലെ താമസകേന്ദ്രങ്ങളിൽ കഴിയുന്നവർക്കാണ് പിഴ ലഭിച്ചത്. ഒരു മാസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിർദേശം. വീടിന് തൊട്ടുമുന്നിലുള്ള കടയിൽ നിന്ന് സാധനം വാങ്ങാനായി ഉൾപ്രദേശത്തെ റോഡിന് കുറുകെ കടന്നവരെയും പിടികൂടി പിഴ ചുമത്തി. ഷാബിയ 10ലെ ഒരു കെട്ടിടത്തിലെ വാച്ച്മാന് ആറ് മാസത്തിനിടെ ആറ് തവണ പിഴ ലഭിച്ചു.

തിരുവനന്തപുരത്തുള്ള സ്വദേശിയായ ഒരാൾക്ക് മൂന്ന് വർഷത്തിനിടെ മൂന്ന് തവണ പിഴ ലഭിച്ചു. വെെകിട്ട് നടക്കാനിറങ്ങിയ മലപ്പുറം സ്വദേശിയെയും ഭാര്യയെയും റോഡിന് കുറുകെ കടക്കവെ ഉദ്യോഗസ്ഥർ പിടികൂടി. ഇവർ എമിറേറ്റ്സ് ഐഡി കാണിച്ചു. എന്നാൽ പിഴയെക്കുറിച്ച് സന്ദേശമൊന്നും വരാത്തതിനാൽ മുന്നറിയിപ്പ് നൽകിയതാകാമെന്നാണ് ഇവർ കരുതിയത്.

ഒന്നര വർഷത്തിന് ശേഷം എമിറേറ്റ്സ് ഐഡി പുതുക്കാനായി അപേക്ഷിച്ചപ്പോഴാണ് രണ്ട് പേർക്കും 400 ദിർഹം വീതം പിഴ ചുമത്തിയത് അറിഞ്ഞത്. 320 ദിർഹം ഫെെനും ചേർത്ത് 1120 ദിർഹം ഇവർ അടക്കേണ്ടിവന്നു. തൊട്ടുമുന്നിലുള്ള കടയിൽ പോകാൻ കിലോമീറ്രർ അകലെയുള്ള സീബ്രാ ക്രോസിലൂടെ വന്നാലും പ്രസ്തുത കെട്ടിടത്തിന് ചുറ്റും സീബ്രാ ക്രോസ് ഇല്ലെന്നിരിക്കെ എങ്ങനെ പോകുമെന്ന് പിഴ ലഭിച്ചവർ ചോദിക്കുന്നു.