ഓപ്പണര്‍മാരുടെ തുടക്കം മുതലാക്കാതെ ഇന്ത്യ; വനിതാ ലോകകപ്പില്‍ ഓസീസിന് 331 റണ്‍സ് വിജയലക്ഷ്യം

Sunday 12 October 2025 6:46 PM IST

വിശാഖപട്ടണം: വനിതാ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 331 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 330 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 30 ഓവറില്‍ 192ന് ഒന്ന് എന്ന അതിശക്തമായ നിലയില്‍ നിന്നാണ് ഇന്ത്യ 330 റണ്‍സില്‍ ഒതുങ്ങിയത്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ ഇന്ത്യന്‍ മദ്ധ്യനിരയ്ക്കും ലോവര്‍ ഓര്‍ഡറിനും കഴിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ 400ന് അടുത്ത് വരെ എത്തുമായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അനബെല്‍ സതര്‍ലാന്‍ഡ് ആണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്.

ഓപ്പണര്‍മാരായ പ്രതിക റാവല്‍ 75(96), സമൃതി മന്ദാന 80(66) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 155 റണ്‍സാണ് നേടിയത്. മന്ദാനയെ പുറത്താക്കിയ സതര്‍ലാന്‍ഡ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് വന്ന ഹാര്‍ലീന്‍ ഡീയോള്‍ 38(42), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രതീത് കൗര്‍ 22(17), ജെമീമ റോഡ്രിഗ്‌സ് 33(21), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 32(22) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ആര്‍ക്കും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയാത്തത് തിരിച്ചടിയായി.

അമന്‍ജോത് കൗര്‍ 16(12), ദീപ്തി ശര്‍മ്മ 1(6), ക്രാന്തി ഗൗഡ് 1(3), ശ്രീ ചരണി 0(2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. സ്‌നേഹ് റാണ 8*(6) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന 192ന് ഒന്ന് എന്ന നിലയില്‍ നിന്ന് 18.5 ഓവറുകള്‍ കൂടി ബാറ്റ് ചെയ്തപ്പോള്‍ 138 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. സതര്‍ലാന്‍ഡിന് പുറമേ സോഫി മൊളീന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മേഗന്‍ ഷട്ട്, ആഷ്‌ലി ഗാര്‍ഡനര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.