ശസ്ത്രക്രിയയ്ക്കിടെ സ്ത്രീ മരിച്ചു: മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ
Sunday 12 October 2025 6:49 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി കുമാരിയാണ് മരിച്ചത്. ശനിയാഴ്ച വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ഇടയിൽ ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. എന്നാൽ മരുന്ന് മാറി നൽകിയതാണ് മരണകാരണമെന്നാണ് മകൾ കലയും ബന്ധുക്കളും ആരോപിക്കുന്നത്.ആശുപത്രിക്ക് എതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് ബന്ധുക്കളുടെ തീരുമാനം. വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.