1998ൽ വിജയ് മല്യ സ്വർണംപൂശിയ കാര്യങ്ങൾ മുതൽ അന്വേഷിക്കട്ടെ,​ എല്ലാ ദുരൂഹതകൾക്കും അവസാനം വേണമെന്ന് പി എസ് പ്രശാന്ത്

Sunday 12 October 2025 7:40 PM IST

തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2024ൽ പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാൻ വിട്ടു

നൽകിയിട്ടില്ലെന്ന് പി.എസ്. പ്രശാന്ത് പറഞ്ഞു. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറരുത് എന്നത് എന്റെ നിർദ്ദേശമായിരുന്നു. 2024ൽ വേറെ തിരുവാഭരണ കമ്മിഷണർ ആയിരുന്നു,​. അദ്ദേഹത്തിനുണ്ടായ ആശയക്കുഴപ്പമാണ് കാരണം. ആ പിശക് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ .2025ൽ പാളികൾ കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോർഡിനാണ്. പക്ഷേ എല്ലാ മാനദണ്ഡവും പാലിച്ചാണ് കൊണ്ടുപോയത്. ഇപ്പോഴത്തെ ബോർഡിനെ സംശയനിഴലിൽ ആക്കേണ്ട ആവശ്യമില്ല. എല്ലാ ദുരൂഹതകൾക്കും അവസാനം വേണമെന്നാണ് ബോർഡിന്റെ നിലപാടെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി,​

1998 വിജയ് മല്യ സ്വർണംപൂശിയത് മുതൽ എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു. സ്പോൺസറെ മാറ്റിയത് ചില വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു. പുരാവസ്തുവിന്റെ മൂല്യം നിർണയിക്കാൻ ഒരു ഏജൻസി വരണം. അത്തരം കാര്യങ്ങളിൽ തീരുമാനം വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപ്പെട്ട സ്വർണം എല്ലാം തിരിച്ചുപിടിക്കുക എന്നതാണ് ബോർഡിന്റെ നിലപാട്. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാൻ സർക്കാരോ ദേവസ്വം ബോർഡോ കൂട്ടുനിൽക്കില്ല. പ്രത്യേക അന്വേഷണ സംഘം ഇതെല്ലാം അന്വേഷിക്കുന്നുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതിയാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ,യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.