'വരുമാനം പൂര്‍ണമായി നിലച്ചു, എനിക്ക് പകരം അദ്ദേഹത്തെ മന്ത്രിയാക്കണം'; ആഗ്രഹം വെളിപ്പെടുത്തി സുരേഷ് ഗോപി

Sunday 12 October 2025 8:00 PM IST

കണ്ണൂര്‍: കേന്ദ്ര മന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ശേഷം തന്റെ വരുമാനം നിലച്ചെന്ന് നടന്‍ സുരേഷ് ഗോപി. സിനിമയില്‍ തുടര്‍ന്നു അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ട് തന്നെ തനിക്ക് പകരം രാജ്യസഭാ അംഗം സി സദാനന്ദനെ കേന്ദ്രമന്ത്രിയാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. കണ്ണൂരിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

'എനിക്ക് അഭിനയം തുടരണം. എനിക്ക് കൂടുതല്‍ സമ്പാദിക്കണം, നിലവില്‍ എന്റെ വരുമാനം പൂര്‍ണമായി നിലച്ചു. ഞാന്‍ പാര്‍ട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. എനിക്ക് പകരം രാജ്യസഭ എം.പി. സി. സദാനന്ദന്‍ മാസ്റ്ററെ കേന്ദ്രമന്ത്രിയാക്കണം' -സുരേഷ് ഗോപി വ്യക്തമാക്കി.

ഒരു കേന്ദ്രമന്ത്രിയാകണമെന്ന് ഒരിക്കലും ആഗ്രഹിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പത്തെ ദിവസം ഒരു മാദ്ധ്യമത്തോട് സംസാരിക്കുമ്പോഴും അഭിപ്രായം തുറന്ന് പറഞ്ഞിരുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. 2008ല്‍ ബിജെപി അംഗത്വം എടുത്തതാണ്. കേരളത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ആദ്യത്തെ ബിജെപി എംപി എന്ന നിലയില്‍ തന്നെ മന്ത്രിയാക്കണമെന്ന് പാര്‍ട്ടിക്ക് തോന്നിയതുകൊണ്ടാണ് ആ സ്ഥാനത്ത് എത്തിയതെന്നും സുരേഷ് ഗോപി പറയുന്നു.

തുടര്‍ന്നും സിനിമയില്‍ അഭിനയിക്കാനും സമ്പാദിക്കാനും ആഗ്രഹിക്കുന്നുണ്ട്. തന്റെ വാക്കുകള്‍ വളച്ചൊടിക്കാന്‍ സാദ്ധ്യതയുണ്ട്. താന്‍ ഉപയോഗിച്ച 'പ്രജ', 'പ്രജാതന്ത്ര' എന്നീ പദങ്ങള്‍ എതിരാളികള്‍ വളച്ചൊടിച്ചതാണ്. 'പ്രജ' എന്ന പദം ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നും സുരേഷ് ഗോപി ചോദിച്ചു.