'ലഹരിയില്ലാത്ത യൗവനം' ബോധവത്കരണ മെഗാ മീറ്റ്

Monday 13 October 2025 1:36 AM IST

പറവൂർ: മുനമ്പം പൊലീസ് സബ് ഡിവിഷനിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റും ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് സൈക്യാട്രി വിഭാഗവും സംയുക്തമായി 'ലഹരിയില്ലാത്ത യൗവനം" ബോധവത്കരണ മെഗാ മീറ്റ് സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പങ്കെടുത്തു. 'കൗമാരക്കാരുടെ ആസക്തികൾ " എന്ന വിഷയത്തിൽ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസി. പ്രൊഫ. ഡോ. അലീന ജോൺസണും 'ഗാഡ്ജറ്റ് അഡിഷനുകളുടെ പ്രത്യാഘാതങ്ങളും പരിഹാരവും" എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശാലിനിയും 'പ്രചോദനവും പെരുമാറ്റ തിരുത്തലും" എന്ന വിഷയത്തിൽ സൈക്യാട്രി വിഭാഗം മേധാവി ഡോ. അനൂപ് വിൻസന്റ്, പ്രൊഫസർ ഡോ. അശോക് ആന്റണി എന്നിവരും 'ജീവിതശൈലി പരിഷ്കരണം" എന്ന വിഷയത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ മഞ്ജുഷയും ക്ളാസെടുത്തു. മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ എ.എസ്.പി ഹാർദിക്മീണ മുഖ്യാതിഥിയായി. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി മാനേജർ ഡോ. ദീപുരാജ്, ഡോക്ടർമാരായ അമൃത, ഗോപിക, സീന എന്നിവർ സംസാരിച്ചു.