'കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് ഒരു കുട്ട പൂവ് കൊടുത്തുവിടാം', പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

Sunday 12 October 2025 8:54 PM IST

തിരുവനന്തപുരം: സമരത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന് പരിക്കേറ്റ വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി. സമരം ചെയ്യുമ്പോള്‍ പരിക്കേല്‍ക്കുന്ന ലോകത്തെ ആദ്യത്തെ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു. ഷാഫിക്ക് പരിക്കേറ്റുവെന്ന് ചില മാദ്ധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത് കണ്ടാല്‍ കേരളത്തില്‍ ആദ്യമായിട്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് തോന്നും. കോണ്‍ഗ്രസുകാര്‍ സമരം ചെയ്യുമ്പോള്‍ ഇനി മുതല്‍ പൊലീസിന്റെ കയ്യില്‍ ഒരു കുട്ട പൂവ് കൊടുത്തുവിടാമെന്നും മന്ത്രി പരിഹസിച്ചു.

കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല. സമരം ഉണ്ടാകുമ്പോള്‍ സംഘര്‍ഷമുണ്ടാകുന്നതും പൊലീസ് ഇടപെടുന്നതുമൊക്കെ പണ്ട് മുതലേയുള്ള കാര്യമാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പൊലീസ് കൈകാര്യം ചെയ്യും. അത് ഞാന്‍ സമരം ചെയ്ത കാലത്തും അങ്ങനെയാണ്.- മന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ് വന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എത്രയോ ആരോപണങ്ങള്‍ ഇതുപോലെ വന്നിരിക്കുന്നു, മകള്‍ക്കെതിരായ ആരോപണവുമായി കോടതിയില്‍ പോയിട്ട് സുപ്രീം കോടതി അത് വലിച്ച് കീറിയില്ലേ? പ്രതിപക്ഷം എന്തൊക്കെയാണ് കാട്ടികൂട്ടുന്നത്. പ്രതിപക്ഷത്തിന് ഇപ്പോള്‍ ആകെ സമനില തെറ്റിയിരിക്കുകയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വെല്ലുവിളി കേരളത്തില്‍ വിലപ്പോവില്ലെന്നും മന്ത്രി പറഞ്ഞു.