എൻ.എച്ച്- 66, നിർമ്മാണം വേഗത്തിലാക്കാൻ ദേശീയപാത അതോറിട്ടി
തിരുവനന്തപുരം:ദേശീയപാത 66ന്റെ നിർമ്മാണം വേഗത്തിലാക്കാൻ ദേശീയപാത അതോറിട്ടി കരാറുകാർക്ക് നിർദ്ദേശം നൽകിയതോടെ കൂടുതൽ തൊഴിലാളികളെ എത്തിക്കും.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ.മുഹമ്മദ് റിയാസും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്.480 കിലോമീറ്റർ നിർമ്മാണം ഡിസംബറിലും ബാക്കി മാർച്ചിനു മുമ്പും തീർക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.
വടകര,തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെയുള്ള മേഖലകളിലായിരുന്നു നിർമ്മാണം മന്ദഗതിയിലായത്.ഇതിൽ കടമ്പാട്ടുകോണം കഴക്കൂട്ടം റീച്ചിലെ നിർമ്മാണം കൂടുതൽ ഇഴഞ്ഞു.രാത്രിയും പകലുമായി നിർമ്മാണത്തിന് വേഗത കൂട്ടാമെന്ന് കരാറുകാരായ ആർ.കെ.സി ഗ്രൂപ്പ് ദേശീയപാത അതോറിട്ടിയെ അറിയിച്ചു.55 ശതമാനം മാത്രമാണ് ഈ ഭാഗത്ത് നിർമ്മാണം നടന്നിട്ടുള്ളത്.
75 ശതമാനത്തിൽ കൂടുതൽ പൂർത്തിയായെങ്കിലും കൊറ്റംകുളങ്ങര കൊല്ലം(കാവനാട്) - കടമ്പാട്ടുകോണം റീച്ചുകളിൽ പ്രദേശികമായ തർക്കങ്ങൾ കാരണം നിർമ്മാണം മന്ദഗതിയിലാണ്.
കടമ്പാട്ടുകോണം കഴക്കൂട്ടം റീച്ചിൽ നിർമ്മാണം വേഗം കുറയാൻ കാരണമായത് ആവശ്യത്തിന് തൊഴിലാളികളെ നിയോഗിക്കാത്തതിനാലാണെന്ന് അവലോകന യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. തമിഴ്നാട്ടിലെ തിരുനൽവേലിയിൽ നിന്നാണ് മണ്ണും പാറയും എത്തിക്കുന്നത്.29.8 കിലോമീറ്ററാണ് ഈ റീച്ചിലുള്ളത്.ഏഴു കിലോമീറ്റർ ആറുവരിപ്പാതയും14 കിലോമീറ്റർ സർവീസ് റോഡും പൂർത്തിയായി.
മാമത്ത്
ഫ്ളൈ ഓവർ
മാമത്തു നിന്നും ആറ്റിങ്ങൽ ബൈപ്പാസിലേക്ക് ഫ്ലൈഓവർ നിർമ്മിക്കും. കൂരിയാട് ഭാഗത്തെ തകർച്ചയുടെ പശ്ചാത്തലത്തിലാണിത്. ചതുപ്പ് ഭാഗത്ത് മണ്ണിട്ടുയർത്തി റോഡ് നിർമ്മിച്ചാൽ സുരക്ഷിതമാകില്ലെന്ന് ദേശീയപാത അതോറിട്ടി ടെക്നിക്കൽ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.കാവനാട് കടമ്പാട്ടുകോണം റീച്ചിൽ ഉൾപ്പെടുന്ന അഞ്ച് പാലങ്ങളുടെ നിർമ്മാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡുകൾ വൈകുകയാണ്.കൊറ്റംകുളങ്ങര കാവനാട് റീച്ചിൽ നീണ്ടകര പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ചവറ പാലത്തിന്റെ നിർമ്മാണം വൈകുന്നു. തിരുമുമ്പിലും ഇത്തിക്കരയിലും അണ്ടർപാസ് നിർമ്മാണത്തെച്ചൊല്ലി നാട്ടുകാർ പ്രതിഷേധത്തിലാണ്.പ്രശ്നങ്ങൾ പരിഹരിച്ച് നിർമ്മാണ വേഗം കൂട്ടിയില്ലെങ്കിൽ മാർച്ചിലും പണി പൂർത്തിയാക്കാനാകില്ല.