മത്സ്യത്തൊഴിലാളി സമാശ്വാസം; 3000 രൂപ വീതം നൽകിത്തുടങ്ങി
തിരുവനന്തപുരം:പഞ്ഞ മാസങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കി വരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ആകെ 41.90 കോടി രൂപ വിതരണം ചെയ്യാനാണ് അനുമതി .കേന്ദ്ര വിഹിതമായ 1500 രൂപയും സംസ്ഥാന വിഹിതമായ 1500 രൂപയും ഉൾപ്പെടെ 3000 രൂപ വീതം വിതരണം ചെയ്തു തുടങ്ങി. പദ്ധതിയിൽ അംഗങ്ങളായ 1,49,755 മത്സ്യത്തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ..
നേരത്തെ, കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ വിഹിതം വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു.
സഹകരണ പെൻഷൻകാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: 2021 മുതൽ നിറുത്തലാക്കിയ ക്ഷാമബത്ത പുനഃസ്ഥാപിക്കണമെന്നും 15 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേരള കോ-ഓപറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ, ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ, സെക്രട്ടറി എസ്. ഉമാചന്ദ്രബാബു എന്നിവരാണ് നിവേദനം നൽകിയത്.