ഇരട്ട 'മെഡൽ'

Sunday 12 October 2025 10:31 PM IST

കൊച്ചി: ഇരട്ടകൾ നേർക്കുനേരെത്തിയ ജൂനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ ചേച്ചിക്ക് സ്വർണം. അനിയത്തിക്ക് വെങ്കലം. ജീവിതത്തിലെന്നപോലെ മെഡലുകൾ മാറിയത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ. ഒരു വീട്ടിലേക്ക് രണ്ട് മെഡലുകൾ എത്തിച്ചതിന്റെ സന്തോഷത്തിലാണ് കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ ഏയ്ഞ്ചൽലിയയും ഏയ്ഞ്ചലീനയും.

ഏയ്ഞ്ചൽലിയയ്ക്കാണ് സ്വർണം. കായികാദ്ധ്യാപിക ഷിബിയുടെ കീഴിലാണ് പരിശീലനം. തൃശൂർ നടത്തറ സ്വദേശിയായ ഇരട്ടകൾ എട്ടാം ക്ലാസിലാണ് മാർ ബേസിലിൽ എത്തുന്നത്. മൂന്ന് വർഷമായി കായികരംഗത്ത് സജീവമാണെങ്കിലും ഈ വർഷമാണ് മെഡലുകൾ നേടുന്നത്. 17.53 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഏയ്ഞ്ചൽലിയ സ്വർണം നേടിയത്. 18 സെക്കൻഡിൽ ഏയ്ഞ്ചലീന ലക്ഷ്യം കണ്ടു. 'പരസ്പരം വാശിയോടെ മത്സരിക്കുന്നതാണ് തങ്ങളുടെ വിജയത്തിന് പിന്നിൽ' എന്ന് ഏയ്ഞ്ചൽലിയ പറഞ്ഞു.

ശനിയാഴ്ച നടന്ന ജൂനിയർ പെൺകുട്ടികളുടെ ലോങ് ജമ്പിൽ ഏയ്ഞ്ചലീനയ്ക്ക് വെള്ളിയുണ്ട്. ഇന്ന് ഏയ്ഞ്ചൽലിയയ്ക്ക് 200 മീറ്ററിൽ മത്സരമുണ്ട്. ഞാറക്കാട്ടുവീട്ടിൽ ലിനേഷ്, അനില എന്നിവരാണ് മാതാപിതാക്കൾ.