ആവേശം നിറച്ച് ചുരുളൻ വള്ളങ്ങളുടെ വേഗയാത്ര
ഫറോക്ക്: പതിനായിരങ്ങളെ ആവേശത്തിന്റ കൊടുമുടിയിലെത്തിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാമത് പതിപ്പിൻ്റെ അഞ്ചാമത് മത്സരം ചാലിയാർ പുഴയിൽ ഫിനിഷ് ചെയ്തു. അതിവേഗതയോടെ ചാലിയാറിനെ മുറിച്ചു മുന്നോട്ടു കുതിച്ച ചുരുളൻ വള്ളങ്ങളെ ആർപ്പുവിളികളോടെയാണ് കാഴ്ചക്കാർ സ്വീകരിച്ചത്. ചാമ്പ്യൻസ് ബോട്ട് ലീഗ് കാണാനെത്തിയവരെ നേരിൽകണ്ടും വിശേഷം പറഞ്ഞും മന്ത്രി മുഹമ്മദ് റിയാസുമുണ്ടായിരുന്നു. വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും മലബാർ മെഹന്തി കൊടുങ്ങല്ലൂർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ചെണ്ടമേളം, സൂഫി നൃത്തം എന്നിവയുമുണ്ടായി. സിനിമ കഥാപാത്രങ്ങളുടെ കാർട്ടൂൺ വേഷധാരികളുമെത്തിയിരുന്നു. മത്സരത്തിന്റെ സുരക്ഷ സംവിധാനങ്ങള്‍ക്കായി അഗ്നിരക്ഷ സേന, കോസ്റ്റ് ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നിവരുടെ പൂർണ സമയ സേവനവുമുണ്ടായി. മത്സര വേദിക്കരികിൽ പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ പരിപാടിയുടെ ഭാഗമായുള്ള പോളിയോ ബൂത്തും തയ്യാറാക്കിയിരുന്നു.
ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദിയാകും:മന്ത്രി
കോഴിക്കോട്: ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദിയായിരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾ ഫറോക്ക് പഴയ പാലത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വള്ളം കളി ലോകപ്രശസ്തമാണ്. വടക്കൻ ജില്ലകളിലെ ടൂറിസം സാദ്ധ്യത വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സി.ബി.എൽ ആരംഭിച്ചത്. പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതിനു ശേഷം 30 കോടി രൂപ അധികവരുമാനം സർക്കാരിന് ലഭിച്ചു. ഇതിൽ ഭൂരിപക്ഷമാളുകളും വിനോദ സഞ്ചാരികളാണ്. ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മത്സരങ്ങൾ ഫറോക്ക് പുതിയ പാലത്തിൽ നിന്ന് ആരംഭിച്ച് പഴയ പാലത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് നടത്തിയത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള 15 ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്. ഓരോ വള്ളത്തിലും 30 തുഴച്ചിലുകാർ. മൂന്ന് ട്രാക്കുകളിലായി അഞ്ച് ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് രണ്ട് ലൂസേഴ്സ് മത്സരങ്ങളും ഫൈനൽ മത്സരവും നടന്നു. ഫറോക്ക് നഗരസഭ ചെയർപേഴ്സൺ എൻ.സി അബ്ദുൽ റസാഖ് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ വി.കെ.സി മമ്മദ്കോയ മുഖ്യാതിഥിയായി. ടി.കെ ശൈലജ, കെ.ടി.എ മജീദ്, സ്നേഹിൽകുമാർ സിംഗ്, ശ്രീധന്യ സുരേഷ്, ടി.നാരായണൻ പ്രസംഗിച്ചു.
സ്വർണക്കപ്പിൽ മുത്തമിട്ട് അഴിക്കോടന്‍ അച്ചാം തുരുത്തി
ഫറോക്ക്: ഓളപ്പരപ്പിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ ചാമ്പ്യൻസ് ബോട്ട് ലീഗ് ചാമ്പ്യൻഷിപ്പിൽ വേഗരാജാക്കൻമാരായി അഴിക്കോടന്‍ അച്ചാംതുരുത്തി. പാലിച്ചോൻ അച്ചാം തുരുത്തി എ ടീമിനെ പിന്നിലാക്കിയാണ് അഴിക്കോടന്‍ അച്ചാം തുരുത്തി ചാമ്പ്യൻസ് ബോട്ട് ലീഗിലെ ജലരാജാക്കൻമാരായത്. 2.27.561 ന് ഫിനിഷ് ചെയ്താണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അണിയത്ത് സജിരാജും അമരത്ത് കെ.പി വിജേഷും വള്ളം നിയന്ത്രിച്ചു. കെ.ദീപേഷായിരുന്നു ടീം മാനേജർ. 2.27.846 ന് ഫിനിഷ് ചെയ്താണ് പാലിച്ചോൻ അച്ചാം തുരുത്തി എ ടീം രണ്ടാം സ്ഥാനത്തെത്തിയത്. എ.കെ.ജി പോടോത്തുരുത്തി എ ടീം 2.36.206 ന് മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ട്രോഫി നൽകി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയവർക്ക് യഥാക്രമം ഒന്നര, ഒന്ന്, അമ്പതിനായിരം രൂപയാണ് നൽകിയത്. പങ്കെടുത്ത വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും. സി.ബി.എൽ മൂന്നാം സീസണിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള 15 ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്.