തിളച്ചുപൊന്തുന്ന രാഷ്ട്രീയ ചൂടിലും കരുതലോടെ സി.പി.എം

Monday 13 October 2025 12:03 AM IST

കോഴിക്കോട്: വടകര എം.പി ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനം ഏറ്റതോടെ ജില്ലയിലെ രാഷ്ട്രീയ അന്തരീക്ഷം സംഘർഷഭരിതമായത് കോൺഗ്രസ് ക്യാമ്പുകളെ ഉണർത്തിയിട്ടുണ്ട്. ഷാഫിക്ക് മർദ്ദനമേറ്റ ദിവസം അർദ്ധരാത്രി കോഴിക്കോട് നഗരത്തിലും ജില്ലയിലെ പ്രധാന പട്ടണങ്ങളിലുമെല്ലാം കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പ്രകടനത്തിൽ ഇടതുപക്ഷ സംഘടനകളുടെ കൊടിതോരണങ്ങളും ബോർഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ സംഭവത്തോട് കരുതലോടെയാണ് സി.പി.എമ്മും ഇടതുപക്ഷവും പ്രതികരിക്കുന്നത്. പൊലീസും യു.ഡി.എഫും തമ്മിലുള്ള പ്രശ്നത്തിൽ തങ്ങൾ കക്ഷിയല്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. പരസ്യ പ്രതിഷേധത്തിനില്ലെന്നും വാർത്താസമ്മേളനങ്ങളിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയും വടകര എം.പിയുടെ പക്വതയില്ലാത്ത നിലപാടുകൾ തുറന്നു കാണിക്കുമെന്നാണ് ജില്ലയിലെ എൽ.ഡി.എഫ് നേതൃത്വം പറയുന്നത്.

പ്രേരാമ്പ്രയിൽ പൊതുയോഗം നാളെ

പേരാമ്പ്രയിൽ നാളെ നടക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ചത്. സാധാരണഗതിയിൽ ഇത്തരം സംഘർഷങ്ങളുണ്ടാകുമ്പോൾ സി.പി.എം ശക്തമായി പ്രതിരോധവുമായി മുന്നിട്ടിറങ്ങാറുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ സംഘർഷം തുടരാൻ സി.പി.എം നേതൃത്വം ആഗ്രഹിക്കുന്നില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.

ഷാഫിയെ തല്ലിയത് തിരിച്ചടി

ഷാഫിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം വ്യക്തിപരമായി അദ്ദേഹത്തിനും പാർട്ടി എന്ന നിലയിൽ കോൺഗ്രസിനും മൊത്തത്തിൽ യു.ഡി.എഫിനും ഗുണകരമാവുമെന്നാണ് സി.പി.എം വിലയിരുത്തൽ. ഷാഫിക്ക് നേരെ ലാത്തിചാർജ് നടന്നിട്ടില്ലെന്ന പൊലീസ് വാദം ഉയർത്തി പ്രതിരോധിക്കാനായിരുന്നു തുടക്കം മുതൽ സി.പി.എം ശ്രമിച്ചത്. എന്നാൽ ഷാഫിയെ പൊലീസ് തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസും സി.പി.എമ്മും പ്രതിരോധത്തിലായി. സി.പി.ഐ ജില്ലാ സെക്രട്ടറി പി.ഗവാസ് പറഞ്ഞത് ഷാഫി പറമ്പിൽ കോഴിക്കോട് ജില്ലയ്ക്ക് പരിചിതമല്ലാത്ത നാടകമാണ് കളിക്കുന്നതെന്നാണ്. ന്യൂനപക്ഷവിഭാഗങ്ങളിൽ എംപിക്കുള്ള സ്വാധീനവും ശബരിമല വിഷയത്തിലാണ് അദ്ദേഹം രക്തം നൽകിയതെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയിലെ അപകടവും സി.പി.എം നേതൃത്വം തിരിച്ചറിയുന്നുണ്ട്.

കോട്ട കാക്കാൻ കരുതൽ

എൽ.ഡി.എഫിൻറെ തുടർഭരണത്തിൽ മികച്ച സംഭാവനയാണ് കോഴിക്കോട് ജില്ല നൽകിയത്. ആകെയുള്ള 13 സീറ്റിൽ 11 എൽ.ഡി.എഫാണ് നേടിയത്. രാഷ്ട്രീയ സംഘർഷങ്ങളുണ്ടാകുന്നത് ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ തിരിച്ചടിയാകുമെന്നാണ് സി.പി.എമ്മിൻറെ വിലയിരുത്തൽ.

'യു.ഡി.എഫിൻറെ ഈ യുദ്ധം പൊലീസിനെതിരാണ്. പൊലീസിനെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എം.പിയും സംഘവും ചെയ്തത്. യു.ഡി.എഫ് നേതാക്കൾ കോഴിക്കോടിൻറെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. എൽ.ഡി.എഫ് ഇതിൽ കക്ഷി അല്ല. ഞങ്ങൾ പൊലീസിൻറെ ഭാഗത്ത് നിന്നുള്ള സമാധാന ശ്രമത്തെ പിന്തുണയ്ക്കും. എം. മെഹബൂബ്, സി.പി.എം ജില്ലാ സെക്രട്ടറി