ചങ്കിടിപ്പോടെ ഇന്ത്യൻ ഓഹരി നിക്ഷേപകർ

Monday 13 October 2025 12:07 AM IST

ആഗോള സാമ്പത്തിക അനിശ്ചിതത്വം വെല്ലുവിളി

ചൈനയുടെ അധിക തീരുവയും റെയർ എർത്ത്‌സ് പ്രതിസന്ധിയും തിരിച്ചടിയാകും

കൊച്ചി: ചൈനയുടെ ഉത്പന്നങ്ങൾക്ക് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 100 ശതമാനം തീരുവയും അമേരിക്കൻ സോഫ്‌റ്റ്‌വെയറുകളുടെ കയറ്റുമതി നിയന്ത്രണങ്ങളും ഇന്ത്യൻ ഓഹരി വിപണിക്ക് വെല്ലുവിളിയാകുന്നു. നവംബർ ഒന്ന് മുതലാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പാകുന്നത്. ട്രംപിന്റെ നടപടിക്ക് പിന്നാലെ കഴിഞ്ഞ വാരാന്ത്യത്തിൽ ലോകത്തിലെ മുൻനിര ടെക്ക് കമ്പനികളായ എൻവിഡിയ, ടെസ്‌ല, ആമസോൺ തുടങ്ങിയ കമ്പനികളുടെ ഓഹരി വിലയിൽ കനത്ത തകർച്ച സൃഷ്‌ടിച്ചിരുന്നു. നേരിയ ഇടവേളയ്ക്ക് ശേഷം ഡൊണാൾഡ് ട്രംപ് വ്യാപാര യുദ്ധം ശക്തമാക്കുന്നതാണ് നിക്ഷേപകർക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. പുതിയ നീക്കം കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ അനുകൂല സാഹചര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നു.

ഐ ഫോൺ മുതൽ എഫ് 35 ഫൈറ്റർ ജെറ്റ് വിമാനങ്ങൾ വരെ നിർമ്മിക്കുന്നതിന് ആവശ്യമായ നിർണായക ലോഹങ്ങളായ റെയർ എർത്ത്‌സിന്റെ വ്യാപാരത്തിന് ചൈന പൊടുന്നനെ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ടാറ്റ കാപ്പിറ്റലിന്റെ ലിസ്‌റ്റിംഗ് ഇന്ന്

ടാറ്റ കാപ്പിറ്റലിന്റെ 15,512 കോടി രൂപയുടെ ഐ.പി.ഒയ്ക്ക് ശേഷം ഓഹരികൾ ഇന്ന് എക്‌സ്ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്യും. ഊഹക്കച്ചവട വിപണിയിലെ സൂചനകളനുസരിച്ച് ടാറ്റ കാപ്പിറ്റൽ നേരിയ നഷ്‌ടത്തോടെയാകും ലിസ്‌റ്റിംഗ്. എൽ.ഐ.സി ഉൾപ്പെടെയുള്ള നങ്കൂര നിക്ഷേപകർ ആവേശത്തോടെ പങ്കെടുത്തെങ്കിലും ചെറുകിടക്കാർ വലിയ താത്പര്യം ഐ.പി.ഒയിൽ പ്രകടിപ്പിച്ചില്ല. എൽ. ജി ഇലക്ട്രോണിക്‌സിന്റെ ഓഹരികൾ നാളെയാണ് ലിസ്‌റ്റ് ചെയ്യുന്നത്. കമ്പനിയുടെ ഐ.പി.ഒയിൽ മികച്ച നിക്ഷേപ പങ്കാളിത്തം ദൃശ്യമായി. 4.2 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യമാണ് എൽ.ജിയുടെ ഓഹരി വിൽപ്പനയിലുണ്ടായത്.

വിപണി പ്രതീക്ഷിക്കുന്ന സംഭവങ്ങൾ

1. അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധത്തിലെ ഭാവി തീരുമാനങ്ങൾ

2. അമേരിക്കൻ സർക്കാരിന്റെ ഷട്ട്‌ഡൗൺ സൃഷ്‌ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ

3. ജി.എസ്.ടിയിലെ കുറവിലൂടെ ദീപാവലി കാലത്ത് ഉപഭോഗത്തിലുണ്ടാകുന്ന ഉണർവ്

4. നടപ്പു സാമ്പത്തികവർഷം രണ്ടാം ത്രൈമാസത്തിലെ കമ്പനികളുടെ പ്രവർത്തനഫലങ്ങൾ

എട്ടു മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞ വാരമുണ്ടായ വർദ്ധന

1.94 ലക്ഷം കോടി രൂപ