കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇന്ത്യൻ ഐ.ടി കമ്പനികൾ
അര ലക്ഷം പേർക്ക് നടപ്പു വർഷം ജോലി നഷ്ടമായേക്കും
കൊച്ചി: അമേരിക്കയിലെ എച്ച്1. ബി വിസ ഫീസ് വർദ്ധനയും പുറംജോലി കരാറുകളിലെ നിയന്ത്രണങ്ങളും ഇന്ത്യൻ ഐ.ടി മേഖലയിൽ വൻ തൊഴിൽ നഷ്ടം സൃഷ്ടിക്കുന്നു. രാജ്യത്തെ മുൻനിര കമ്പനികളെല്ലാം പുതിയ റിക്രൂട്ട്മെന്റ് മന്ദഗതിയിലാക്കിയതിനൊപ്പം നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികളും ശക്തമാക്കി. നിശബ്ദ ലേ ഓഫിലൂടെ നടപ്പുവർഷം ഐ.ടി മേഖലയിൽ 50,000 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് വിലയിരുത്തുന്നത്.
കമ്പനികളുടെ ബിസിനസ് വളർച്ച മന്ദഗതിയിലാകുന്നതും നിർമ്മിത ബുദ്ധിയുടെ വിപുലമായ ഉപയോഗവും പിരിച്ചുവിടലിന് വേഗത കൂട്ടുന്നുവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ രണ്ടാം ത്രൈമാസക്കാലയളവിലെ പ്രവർത്തന റിപ്പോർട്ടിൽ അടുത്ത വർഷം മാർച്ചിനുള്ളിൽ 12,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ കമ്പനി 19,755 ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ ജീവനക്കാരുടെ എണ്ണം ആറ് ലക്ഷത്തിന് താഴെയെത്തി. വൈദഗ്ദ്ധ്യ, കാര്യക്ഷമത പൊരുത്തക്കേട് കണക്കിലെടുത്ത് മദ്ധ്യ, സീനിയർ ലെവലിലുള്ള ജീവനക്കാരെ ഒഴിവാക്കാനാണ് ആലോചിക്കുന്നതെന്ന് ടി.സി.എസിന്റെ എച്ച്. ആർ മേധാവി പറഞ്ഞു.
ജീവനക്കാരിൽ സമ്മർദ്ദമേറുന്നു
അമേരിക്കയിൽ നിന്നും പുതിയ കരാറുകൾ ലഭിക്കുന്നതിൽ കുറവ് വന്നതോടെ രാജ്യത്തെ ചെറുകിട, ഇടത്തരം ഐ.ടി സ്ഥാപനങ്ങൾ പലതും ജീവനക്കാരുടെ രാജിക്ക് സമ്മർദ്ദം ചെലത്തുകയാണ്. പുതിയ അവസരങ്ങൾ കണ്ടെത്തണമെന്നും അനൗദ്യോഗികമായി കമ്പനികൾ ജീവനക്കാരോട് നിർദേശിക്കുന്നുണ്ട്. പ്രമുഖ ഐ.ടി സ്ഥാപനമായ അക്സഞ്ചർ ആഗോള തലത്തിൽ 11,000 ജീവനക്കാരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പിരിച്ചുവിട്ടത്.
കമ്പനികൾ പ്രവർത്തന രീതികൾ മാറ്റുന്നു
നിർമ്മിത ബുദ്ധിയുടെയും(എ.ഐ) ഓട്ടോമേഷന്റെയും പശ്ചാത്തലത്തിൽ ഐ.ടി കമ്പനികൾ സാങ്കേതികവിദ്യയിലും പ്രവർത്തന രീതികളിലും വിപുലമായ മാറ്റങ്ങൾ വരുത്തുകയാണ്. ടി.സി.എസ്, വിപ്രോ, ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര തുടങ്ങിയവ ജീവനക്കാരെ പുനസംഘടിപ്പിക്കാൻ നടപടികൾ തുടങ്ങി.
ഐ.ടി രംഗത്തെ വെല്ലുവിളികൾ
1. എ.ഐ സാദ്ധ്യതകൾ വിപുലമായി ഉപയോഗപ്പെടുത്തുന്നതിനാൽ നിലവിലുള്ള ജീവനക്കാരുടെ വൈദഗ്ദ്ധ്യ കുറവ് ബാദ്ധ്യതയാകുന്നു
2. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും വീസ ഫീസ് വർദ്ധനയും കമ്പനികളുടെ ബിസിനസ് വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു
3. സാങ്കേതികവിദ്യയിലുണ്ടാകുന്ന അതിവേഗ മാറ്റങ്ങൾ മൂലം ആഗോള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലുള്ള ജീവനക്കാർക്ക് പരിജ്ഞാനമില്ല
4. അമേരിക്കയിലും യൂറോപ്പിലും സാമ്പത്തിക മാന്ദ്യ ഭീഷണി ശക്തമായതിനാൽ ആഗോള ടെക്നോളജി കമ്പനികൾ ഐ.ടി രംഗത്തെ നിക്ഷേപം ചുരുക്കുന്നു