പെരുനാട്ടിൽ തീർത്ഥാടകർക്ക് സൗകര്യങ്ങൾ പേരിനുമാത്രം
റാന്നി : മണ്ഡല മകരവിളക്ക് ഉത്സവങ്ങൾക്കായി ശബരിമല നട തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ അധികൃതർ ഒരുക്കങ്ങൾ തുടങ്ങിയില്ല. ശബരിമല സ്ഥിതിചെയ്യുന്ന പെരുനാട് പഞ്ചായത്ത് ഉൾപ്പെടുന്ന മേഖലകളിലെ ഇടത്താവളങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളായില്ല. വിശ്രമ കേന്ദ്രങ്ങളും, കുളിക്കടവുകളും കാടുകയറിയും നശിച്ചും കിടക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ ലക്ഷക്കണക്കിന് തീർത്ഥാടകർ കടന്നുപോകുന്നത് ഇതുവഴിയാണ്. റാന്നിയിൽ രാമപുരം ക്ഷേത്രത്തിനോട് ചേർന്ന് മാത്രമാണ് ഇടത്താവളത്തിനായി സൗകര്യങ്ങൾ ക്രമീകരിക്കാറുള്ളത്. എന്നാൽ ഇവിടെ പലപ്പോഴും വെയിലും മഴയുമേറ്റാണ് തീർത്ഥാടകർ കഴിയുന്നത്. വർഷങ്ങളായി തുടരുന്ന സൗകര്യങ്ങൾ എല്ലാക്കൊല്ലവും പൊടിതട്ടിയെടുക്കുന്നതല്ലാതെ ശബരിമല തീർത്ഥാടകർക്ക് വേണ്ടി പുതിയതായി ഒരു ക്രമീകരണം പോലും ഈ പ്രദേശങ്ങളിൽ ചെയ്യുന്നില്ലെന്ന് പരാതിയുണ്ട്. നാറാണംമൂഴി പഞ്ചായത്തിലെ ഇടത്താവളമായി അറയ്ക്കമണ്ണിൽ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത വളരെ പരിതാപകരമാണ്. ടൊയ്ലറ്റുകളുടെ എണ്ണത്തിലെ കുറവും തീർത്ഥാടകരെ വലയ്ക്കാറുണ്ട്. പ്രത്യേകിച്ചും മാളികപ്പുറങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവുകൊണ്ട് ബുദ്ധിമുട്ടുന്നത്.
ക്ഷേത്രത്തിൽ വിരിവയ്ക്കുന്ന തീർത്ഥാടകർ പലപ്പോഴും കുളിക്കാനും മറ്റും റാന്നി വലിയ പാലത്തിനോട് ചേർന്ന് പമ്പാനദിയിൽ എത്താറുണ്ട്. ഇവിടം അപകട മേഖലയാണ്. തീർത്ഥാടന കാലത്ത് പ്രധാന കടവുകളിൽ നീന്തൽ അറിയാവുന്ന മുങ്ങൽ വിദഗ്ദ്ധരെ നിയോഗിക്കണം എന്ന ആവശ്യം ശക്തമാണ്. നിലവിൽ രാഷ്ട്രീയ താല്പര്യം അനുസരിച്ച് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇത്തരം സേവനങ്ങൾക്ക് ആളുകളെ നിയമിക്കുന്നത്.
വടശേരിക്കരയിലും അനാസ്ഥ
വടശേരിക്കരയിലെ ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ ഇതുവരെയും നടപടികൾ ആരംഭിച്ചിട്ടില്ല. വടശേരിക്കര പഞ്ചായത്തിൽ ക്രമീകരിച്ച വിശ്രമകേന്ദ്രവും ടൊയ്‌ലറ്റ് സംവിധാനങ്ങളും തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാണ്. പെരുനാട് ളാഹ സത്രത്തിനോട് ചേർന്ന് നിരവധി കടകളും മറ്റും തീർത്ഥാടന കാലത്ത് ആരംഭിക്കുമെങ്കിലും വാഹനങ്ങൾ നിറുത്തിഇറങ്ങുന്ന തീർത്ഥാടകർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ഇവിടെ സ്ഥിരം സംവിധാനമില്ല.
റോഡുകളുടെ വശങ്ങളിലെ കാടുകൾ നീക്കംചെയ്യണം
കുളിക്കടവുകൾ വൃത്തിയാക്കി സുരക്ഷ ഉറപ്പുവരുത്തണം
വൃത്തിഹീനമായ ടൊയ്ലറ്റുകൾ പുനർനിർമ്മിക്കണം
വിരിവയ്ക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണം